Wed. Jan 22nd, 2025

കര്‍ണാടകയില്‍ സംവരണ പരിധി ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. 50% സംവരണ പരിധി 70% ആക്കി ഉയര്‍ത്തും. മുസ്ലിം സംവരണം റദ്ദാക്കിയത് പുന:സ്ഥാപിക്കും. ലിംഗായത്ത്, വൊക്കലിഗ സംവരണം ഉയര്‍ത്തും. എസ് സി സംവരണം 15 ശതമാനത്തില്‍ നിന്ന് 17 ആക്കി ഉയര്‍ത്തും. എസ് ടി സംവരണം മൂന്നില്‍ നിന്ന് ഏഴ് ശതമാനമാക്കും. സംസ്ഥാനത്തെ സാമൂഹ്യ – സാമ്പത്തിക സെന്‍സസ് പുറത്ത് വിടും. എസ് സി-എസ് ടി വിഭാഗങ്ങളിലെ പിയുസി മുതല്‍ മുകളിലേക്ക് പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ് ടോപ് നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

അഞ്ചിന വാഗ്ദാനങ്ങള്‍ ആദ്യ കാബിനറ്റ് യോഗത്തില്‍ തന്നെ അംഗീകരിക്കും. ഗൃഹ ജ്യോതി – ആദ്യ 200 യൂണിറ്റ് വൈദ്യുതി എല്ലാ വീടുകളിലും സൗജന്യം. ഗൃഹ ലക്ഷ്മി – തൊഴില്‍ രഹിതരായ എല്ലാ സ്ത്രീകള്‍ക്കും 2000 രൂപ പ്രതിമാസ ഓണറേറിയം. അന്നഭാഗ്യ – എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും ഓരോ മാസവും 10 കിലോ അരി/റാഗി/ഗോതമ്പ്. യുവനിധി – അധികാരത്തില്‍ വന്ന് ആദ്യത്തെ 2 വര്‍ഷം എല്ലാ തൊഴില്‍ രഹിതരായ ഡിഗ്രിയുള്ള യുവതീ യുവാക്കള്‍ക്ക് 3000 രൂപ പ്രതിമാസം, ഡിപ്ലോമ ഉള്ളവര്‍ക്ക് 1500 പ്രതിമാസം. ശക്തി – എല്ലാ സ്ത്രീകള്‍ക്കും ksrtc, bmtc ബസ്സുകളില്‍ സൗജന്യ യാത്ര

കഴിഞ്ഞ ദിവസം ബിജെപിയുടെ പ്രകടന പത്രിക ഇന്നലെ പുറത്തിറക്കിയിരുന്നു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നാണ് പ്രധാന വാഗ്ദാനം. ഇതിനായി ഉന്നതതല സമിതി രൂപീകരിക്കുമെന്നും ആ സമിതിയുടെ നിര്‍ദേശപ്രകാരമാകും തുടര്‍ തീരുമാനങ്ങള്‍ എന്നും പ്രകടനപത്രിക പറയുന്നു. 15 ഇന വാഗ്ദാനങ്ങള്‍ അടങ്ങിയ പ്രകടനപത്രിക ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദയാണ് ഇന്നലെ ബംഗളുരുവില്‍ പുറത്തിറക്കിയത്. ബിപിഎല്‍ കുടുംബങ്ങളെ ലക്ഷ്യമിട്ടും നിരവധി വാഗ്ദാനങ്ങള്‍ ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.