ബീഹാറിലെ രാംദയാലു റെയില്‍വേ സ്റ്റേഷന് സമീപമുള്ള ചേരിയിലുണ്ടായ തീപിടുത്തത്തില്‍ നാലുപേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഒരു കുടുംബത്തിലെ നാലു പെണ്‍കുട്ടികളാണ് വെന്തുമരിച്ചത്. അപകടത്തില്‍ ഏഴ് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
തിങ്കളാഴ്ച രാത്രിയാണ് ചേരിയില്‍ തീപിടിത്തമുണ്ടായത്, പരിക്കേറ്റവരെല്ലാം ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില അതീവഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
മൂന്നിനും 12 നും ഇടയില്‍ പ്രായമുള്ള നാല് പെണ്‍കുട്ടികളും നരേഷ് റാം എന്നയാളുടെ മക്കളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 10.30 ഓടെ ജുഗ്ഗിയിലാണ് സംഭവം നടന്നതെന്ന് മുഷാരി (മുസാഫര്‍പൂര്‍) സര്‍ക്കിള്‍ ഓഫീസര്‍ സുധാംശു ശേഖര്‍ പറഞ്ഞു.
തീ പെട്ടെന്ന് പടരുകയും ഉടന്‍ തന്നെ അഗ്നിശമനസേനയെ വിവരമറിയിക്കുകയും ചെയ്തു. സംഭവം ബന്ധപ്പെട്ട അധികാരികള്‍ അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവര്‍ ഉള്‍പ്പെടെ ഓരോ ഇരയുടെയും അടുത്ത ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ വീതം സഹായധനം നല്‍കാനുള്ള നടപടികള്‍ ഭരണകൂടം ആരംഭിച്ചതായും ശേഖര്‍ പറഞ്ഞു.