കളമശ്ശേരി: പമ്പിങ് മുടങ്ങിയതിനാൽ വീട്ടാവശ്യത്തിനുള്ള ശുദ്ധജലം ലഭിക്കാതെ വലഞ്ഞ് തേവക്കൽ കൊളോട്ടിമൂലയിലെ ഭിന്നശേഷിക്കാരായ സുബൈറും ഭാര്യയും. ഉയർന്ന മേഖലയായ പ്രദേശത്ത് ശുദ്ധജല പമ്പിങ് നിന്നിട്ട് ഏഴ് മാസത്തോളമായി. രോഗിയായ അമ്മ അടങ്ങുന്ന കുടുംബം പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരുവിധ പരിഹാരവും കൈക്കൊണ്ടിട്ടില്ല. പമ്പിങ് നടക്കാത്തതും പ്രദേശത്ത് മറ്റു വീടുകളിലുള്ളതുപോലെ സ്വന്തമായി കിണറില്ലാത്തതും ക്ഷേമപെൻഷനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന സുബൈറിന്റെ കുടുംബത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
പുതുതായി ഒരു കിണർ നിർമിക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാൽ ബന്ധുവിന്റെ പുരയിടത്തിലെ കിണറിൽനിന്ന് വെള്ളം പമ്പ് ചെയ്യാനാവശ്യമായ പമ്പ് സെറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുബൈർ എറണാകുളം ജില്ലാ കളക്ടർക്ക് ഒരു അപേക്ഷ സമർപ്പിച്ചിരുന്നു. അതിന്മേൽ കളമശ്ശേരി മുനിസിപ്പാലിറ്റിയോട് നിയമാനുസൃതമായ നടപടികൾ സ്വീകരിക്കണമെന്ന് ഫെബ്രുവരിയിൽ കളക്ടർ നിർദേശിക്കുകയും ചെയ്തതാണ്. എന്നാൽ മുനിസിപ്പാലിറ്റിയിൽനിന്ന് ഒരു വ്യക്തിക്കായി സഹായം നൽകാനുള്ള അധികാരമില്ലെന്ന് പറഞ്ഞ് സുബൈറിന്റെ അപേക്ഷയിന്മേൽ ഇതുവരെ നടപടികൾ ഒന്നും കൈക്കൊള്ളാൻ തയ്യാറായിട്ടില്ല.
നിലവിൽ കുടിവെള്ള ടാങ്കറിൽ ആഴ്ചയിൽ ഒരിക്കൽ ലഭിക്കുന്ന വെള്ളത്തെ ആശ്രയിച്ചാണ് കുടുംബം കഴിയുന്നത്. സർക്കാരിൽനിന്ന് ലഭിക്കുന്ന പെൻഷനിൽ വലിയ പങ്കും അമ്മ ഖദീജയുടെ ചികിത്സക്ക് ചിലവാവുമെന്നും മഴക്കാലം കഴിഞ്ഞാൽ വെള്ളത്തിനുള്ള ബുദ്ധിമുട്ട് അധികരിക്കുമെന്നും സുബൈർ പറയുന്നു. മുനിസിപ്പാലിറ്റിയുടെ ഭാഗത്തുനിന്ന് ഒരു അനുകൂല നടപടി പ്രതീക്ഷിച്ചിരിക്കുകയാണ് സുബൈറും കുടുംബവും.
സുബൈറിന്റെ അപേക്ഷയിന്മേലുള്ള കലക്ടറിന്റെ നിർദേശം ലഭിച്ചെന്നും വ്യക്തിഗത ആനുകൂല്യങ്ങൾ നൽകാൻ മുനിസിപ്പാലിറ്റിക്ക് അധികാരമില്ലെന്നും ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി സാധ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ മുനിസിപ്പാലിറ്റിയുടെ ഭാഗത്തുനിന്ന് ശ്രമം നടത്താം എന്നും വാർഡ് കൗൺസിലർ ഹെന്നി ബേബി പറഞ്ഞു.