Fri. Nov 22nd, 2024
rehablitation of Keerelimala residents initiated

കാക്കനാട്: മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കാക്കനാട് അത്താണി കീരേലിമല നിവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് കലക്‌ടറുടെ ഉറപ്പ്. കഴിഞ്ഞ ദിവസം മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശം സന്ദർശിച്ച കലക്ടർ മറ്റ് ഉദ്യോഗസ്ഥരുമായി പ്രശ്നബാധിതരെ പുനരധിവസിപ്പിക്കാൻ കഴിയുന്ന സ്ഥലങ്ങളും സന്ദർശിച്ചു. ഇരുപത്തിരണ്ടു വർഷത്തോളമായി 15-ഓളം കുടുംബങ്ങൾ മണ്ണിടിച്ചിൽ  ഭീഷണിയിൽ കഴിയുകയാണ്.  മഴക്കാലമായാൽ അധികാരികൾ ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് നീക്കുകയായിരുന്നു പതിവ്. 

ഓരോ തവണയും ക്യാമ്പിലേക്ക് മാറ്റുമ്പോൾ പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന അധികാരികളുടെ വാക്ക് പ്രദേശവാസികൾ വിശ്വസിക്കാറായിരുന്നു പതിവ്. പക്ഷേ, ഈ വർഷം ക്യാമ്പിലേക്ക് മാറാനുള്ള നിർദേശം ഇവർ കൂട്ടാക്കിയില്ല. തുടർന്ന് പരിഹാരം കാണാം എന്ന അധികാരികളുടെ ഉറപ്പിന്മേലാണ് ഇവർ മാറാൻ തയ്യാറായത്. കാക്കനാടുള്ള അത്താണി പാറക്കുളം പ്രദേശം, ഇടച്ചിറ, കുഴിക്കാട്ടുമൂല, പൊയ്ച്ചിറ, ഓലിമുകൾ എന്നീ സ്ഥലങ്ങളാണ് പുനരധിവാസത്തിനായി പരിഗണിക്കുന്നത്. ഇതിൽ ഭൂരിഭാഗവും സ്വകാര്യ വ്യക്തികളിൽ നിന്ന് ജില്ലാ ഭരണകൂടം തിരികെ പിടിച്ച ഭൂമികളാണ്. ഇവയിൽ ഏത് ഭൂമിയിൽ കീരേലിമലക്കാരെ പുനരധിവസിപ്പിക്കണമെന്നത് സംബന്ധിച്ച കാര്യങ്ങൾ അടുത്ത ദിവസം രൂപവത്കരിക്കുന്ന പ്രത്യേക സമിതി ചർച്ച ചെയ്തു തീരുമാനിക്കുമെന്നാണ് കളക്ടർ അറിയിച്ചിരിക്കുന്നത്.

30 അടി താഴ്ചയിൽ മണ്ണെടുത്ത ഭാഗത്താണ് വർഷങ്ങളായി ഇവർ താമസിക്കുന്നത്. ഇവർ ഇവിടെ താമസം തുടങ്ങിയതിനു രണ്ടു വർഷങ്ങൾക്കുശേഷം മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ രണ്ടുപേർക്ക് അപകടം പറ്റുകയുണ്ടായി എന്ന് പ്രദേശവാസികൾ പറഞ്ഞു. നിലവിലെ പ്രവചനാതീതമായ കാലാവസ്ഥാസാഹചര്യത്തിൽ സംരക്ഷണ ഭിത്തി പോലും ഇല്ലാത്ത ഈ പ്രദേശം അപകടകരമായി തുടരുകയാണ്.
https://www.instagram.com/tv/CVjylqLKCwI/?utm_source=ig_web_copy_link