Mon. Dec 23rd, 2024
Kurumbathuruth ferry

ചേന്ദമംഗലം: ഒരു വർഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന ഗോതുരുത്ത് – കുറുമ്പത്തുരുത്ത് ഫെറി സർവീസിൽ വലഞ്ഞ് കുറുമ്പത്തുരുത്ത് നിവാസികൾ. എറണാകുളം ജില്ലയിലെ ചേന്ദമംഗലം പഞ്ചായത്തിലെ നാനൂറോളം വരുന്ന കുടുംബങ്ങളാണ് ലോക്ക് ഡൗണിനുശേഷം ബുദ്ധിമുട്ടിലായിരിക്കുന്നത്. ഫെറിയിൽ കേവലം പത്ത് രൂപയ്ക്ക് ചേന്ദമംഗലത്ത് എത്തിക്കൊണ്ടിരുന്ന പ്രദേശവാസികൾ 300 മുതൽ 400 രൂപ മുടക്കിയാണ് ഇപ്പോൾ ആവശ്യങ്ങൾക്ക് മറുകര എത്തുന്നത്. കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ അധികൃതരുടെ ഭാഗത്തുനിന്ന് എത്രയും വേഗം നടപടികൾ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

ചേന്ദമംഗലം പഞ്ചായത്തിൽപ്പെട്ട പ്രദേശത്തെ ജനങ്ങൾക്ക് ഒട്ടുമിക്ക കാര്യങ്ങൾക്കും ചേന്ദമംഗലത്തേയും ഗോതുരുത്തിനേയും ആശ്രയിക്കേണ്ട സ്ഥിതിയാണ്. പഞ്ചായത്ത് ഓഫീസും വില്ലേജ് ഓഫീസും പ്രാഥമിക ആരോഗ്യ കേന്ദ്രവും അടക്കം എല്ലാ ആവശ്യങ്ങൾക്കും ഫെറി സർവീസോ പാലമോ അത്യാവശ്യമാണ്. സർക്കാരിന്റെ ക്ഷേമ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റുവാൻ പോകുന്നവരും വലിയൊരു തുക ഓട്ടോറിക്ഷക്ക് മുടക്കിയാണ് ഇപ്പോൾ പോകുന്നതെന്ന് ഓട്ടോ ഡ്രൈവറും പ്രദേശവാസിയുമായ ഷൈബു പറഞ്ഞു.

ഗോതുരുത്ത്-കുറുമ്പത്തുരുത്ത് കരകളെ ബന്ധിപ്പിച്ച് ഒരു പാലം നിർമിക്കണമെന്ന ആവശ്യവും പ്രദേശവാസികൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. പഞ്ചായത്ത് അധികൃതരുടെയും പൊതുപ്രവർത്തകരുടെയും സഹകരണത്തോടെ നാട്ടുകാർ ജനകീയ സമിതി രൂപീകരിക്കുകയും പാലം നിർമാണം സംബന്ധിച്ച പ്രാരംഭ നടപടി തുടങ്ങാൻ പ്രദേശത്തെ എംൽഎയും പ്രതിപക്ഷ നേതാവുമായ വി.ഡി.സതീശൻ വഴി പൊതുമരാമത്ത് വകുപ്പ്-പാലം വിഭാഗം അധികൃതർക്ക് നിർദേശം നൽകിയതായും ജനകീയ സമിതി അംഗം ജെയ്സൺ ജേക്കബ് പറഞ്ഞു. 

മുടങ്ങിക്കിടക്കുന്ന ഫെറി സർവീസ് പുനരാരംഭിക്കുവാൻ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും സർവീസ് ഏറ്റെടുത്ത നടത്താനായി ആരും മുന്നോട്ട് വരാത്തതുകൊണ്ട് ഈ കാര്യത്തിൽ പഞ്ചായത്തിന് കൂടുതലായി ഒന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണൻ പറയുന്നത്.

Instagram will load in the frontend.