Sat. Apr 27th, 2024
ഖാർത്തൂം:

ആഫ്രിക്കൻ രാജ്യമായ സുഡാനിൽ സൈനിക അട്ടിമറി. അട്ടിമറിക്ക്​ കൂട്ടുനിൽക്കാത്തതിന്​ പ്രധാനമന്ത്രി അബ്​ദുല്ല ഹംദക്കിനെ സൈന്യം വീട്ടുതടങ്കലിലാക്കി. പിന്നാലെ ജനറൽ അബ്​ദുൽ ഫത്താഹ്​ ബുർഹാൻ ഇടക്കാല സർക്കാറിനെ​യും പരമാധികാര കൗൺസിലിനെയും പിരിച്ചുവിട്ട്​ രാജ്യത്ത്​ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചു. രാഷ്​ട്രീയ വിഭാഗങ്ങൾക്കിടയിലെ ഭിന്നതമൂലം സൈന്യം ഇടപെടുകയായിരുന്നുവെന്നാണ്​ ബുർഹാൻ്റെ വാദം.

ഇടക്കാല സർക്കാറിലെ പ്രമുഖ നേതാക്കളും സൈന്യത്തിൻ്റെ തടവിലാണ്. തലസ്​ഥാനമായ ഖാർത്തൂമിലെ ഗവർണർ അയ്​മൻ ഖാലിദിനെയും അറസ്​റ്റ്​ ചെയ്​തതായി റിപ്പോർട്ടുണ്ട്​. പ്രധാനമന്ത്രിയുടെ ഉപദേഷ്​ടാവായിരുന്ന മുൻ വിമത നേതാവ്​ യാസിർ അർമാനും തടവിലാണ്​. രാജ്യത്തെ ഇൻറർനെറ്റ്​,ഫോൺ സിഗ്​നലുകൾ തകരാറിലായി.

പാലങ്ങൾ അടച്ചു. ദേശീയ വാർത്തചാനൽ ദേശഭക്​തി ഗാനവും നൈൽ നദിയുടെ ദൃശ്യങ്ങളുമാണ്​ സംപ്രേഷണം ചെയ്യുന്നത്​. സൈനിക അട്ടിമറിയിൽ പ്രതിഷേധിച്ച്​ ആയിരക്കണക്കിന്​ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സൈന്യം കണ്ണീർവാതകം പ്രയോഗിച്ചു. 12 പേർക്ക്​ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്​.