പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ കയ്യുത്തിയാലിൽ പട്ടികജാതി–വർഗ കുടുംബങ്ങൾക്കായി നിർമിച്ച കെട്ടിടങ്ങൾ കാടുകയറി നശിക്കുന്നു. 2005-2010 കാലഘട്ടത്തിൽ വാങ്ങിയ 1.37 ഏക്കർ സ്ഥലവും അവിടെ നിർമാണം പൂർത്തിയായ രണ്ട് ഇരുനില വീടുകളുമാണ് കൈമാറ്റം മുടങ്ങിയതോടെ നശിക്കുന്നത്. സ്വന്തമായി വീടില്ലാതെ പഞ്ചായത്ത് പരിധിയിൽ അനേകം ആളുകൾ കഴിയുമ്പോഴാണ് അധികൃതരുടെ അനാസ്ഥമൂലം ലക്ഷങ്ങൾ മുതൽമുടക്കിയ ഈ കെട്ടിടങ്ങൾ അന്യാധീനപ്പെടുന്നത്.
പട്ടിക ജാതിക്കാർക്ക് അനുവദിച്ച ഫണ്ട് ഉപയോഗിച്ച നിർമിച്ച ഫ്ലാറ്റുകൾ എസ്റ്റിമേറ്റ് തുകയേക്കാൾ കൂടുതൽ ചിലവാക്കിയെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തിയതോടെ 2015-ഓടെ നിർമാണം നില്ക്കുകയായിരുന്നു. അതിനുശേഷം എസ്റ്റിമേറ്റിൽ കൂടുതൽ ചിലവായ പണം ആവശ്യപ്പെട്ട് കരാറുകാരൻ കോടതിയെ സമീപിക്കുകയും പദ്ധതി അനിശ്ചിതത്വത്തിലാവുകയും ചെയ്തു. 2015-ലെ പഞ്ചായത്തിലെ ഭരണസമിതി പദ്ധതിയുടെ പൂർത്തീകരണ ഉദ്ഘാടനം വരെ നടത്തിയതിന് ശേഷമാണ് ഇപ്പോഴും ഗുണഭോക്താക്കളെ കണ്ടെത്താതെ കെട്ടിടം നശിക്കുന്നത്.
40 വീടുകളും പൊതു കളിസ്ഥലവും അങ്കണവാടിയുമായിരുന്നു പദ്ധതി ലക്ഷ്യമെന്നും ഇതുകൊണ്ട് ജനങ്ങൾക്ക് ഒരു ഗുണവും ഉണ്ടായില്ലെന്നും പ്രദേശവാസിയായ നിഷാദ് പറയുന്നു. “ഈ പ്രദേശത്തെ 40-ഓളം വരുന്ന എസ് സി (SC) കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിന് വേണ്ടി ലക്‌ഷ്യം വച്ചുകൊണ്ടാണ് പഞ്ചായത്ത് ഈ സ്ഥലം വാങ്ങിയത്. നിലവിൽ അതാർക്കും ഗുണകരമല്ലാത്ത രീതിയിലാണ് ഇത് കിടക്കുന്നത്. ഈ പ്രദേശത്ത് നിലവിൽ ഇവ കൊടുക്കാൻ അർഹരായിട്ടുള്ള ആളുകളുണ്ട്. ഇത് അവർക്ക് കൊടുത്താൽ അവിടേക്ക് താമസം മാറി അവർക്ക് നന്നായി ജീവിക്കാൻ കഴിയും”
നിർമാണം ഏറ്റെടുത്ത് നടത്തിയ കരാറുകാരന് പദ്ധതിക്ക് അനുവദിച്ചതിൽ കൂടുതൽ പണം നൽകിയതുമായി ബന്ധപ്പെട്ട് ഓഡിറ്റ് ഒബ്ജക്ഷൻ വരികയും കോടതി സർക്കാരിനോട് പ്രശ്നത്തിൽ ഉചിതമായ ഒരു നടപടി എടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുള്ളതാണെന്ന് കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു പറയുന്നു. “ഫയൽ ഇപ്പോഴും ഗവൺമെന്റിന്റെ അടുത്താണ് ഇരിക്കുന്നത്. ആ നാല് വീടുകൾ അതിന്റെ ഗുണഭോക്താക്കളെ കണ്ടെത്തി കൊടുക്കുവാൻ വേണ്ടിയിട്ട് ഗവൺമെന്റിനോട് ഫയൽ പൂർത്തീകരിച്ച പെട്ടെന്ന് തരണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതിലുപരി ബാലൻസ് കിടക്കുന്ന സ്ഥലത്ത് ലൈഫ് മിഷനുമായി ബന്ധപ്പെട്ടുകൊണ്ട് വീടുകളും അംഗൻവാടിയും കളിസ്ഥലവും ലൈബ്രറിയും ഓപ്പൺ എയർ സ്റ്റേഡിയവും നിർമ്മിക്കുവാനുള്ള ആവശ്യവും അറിയിച്ചിട്ടുണ്ട്.”