Sat. Apr 27th, 2024
ശ്രീനഗർ:

ജമ്മു കശ്മീരിൽ പുറമേ നിന്നുള്ളവർക്കു സ്ഥിരതാമസ അവകാശം വിലക്കുന്ന ഭരണഘടനയിലെ 370–ാം വകുപ്പ് 2019 ഓഗസ്റ്റ് 5ന് ആണു ബിജെപി സർക്കാർ റദ്ദാക്കിയത്. ഇതു കശ്മീരിലെ ജനസംഖ്യാനുപാതത്തിൽ വ്യതിയാനം ഉണ്ടാകുമെന്ന ആശങ്ക അന്നേ ഉയർന്നിരുന്നു. 2019 ഒക്ടോബറിൽ കുൽഗാം ജില്ലയിൽ ബംഗാളിൽനിന്നുള്ള 5 മുസ്‌ലിം തൊഴിലാളികളെ കൊലപ്പെടുത്തിയാണ് ദ് റെസിസ്റ്റന്റ് ഫ്രണ്ട് (ടിആർഎഫ്) എന്ന പുതിയ ഭീകര സംഘടന രംഗപ്രവേശം ചെയ്തത്.

ഇത് പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബ തന്നെയാണെന്നു പൊലീസ് പറയുന്നു. ഇതരസംസ്ഥാനക്കാർക്കെതിരെ ആസൂത്രിതമായ ആക്രമണപരമ്പരകളാണു ടിആർഎഫ് തുടർന്നു നടത്തിയത്. ഈ മാസം തുടർച്ചയായ ആക്രമണങ്ങളുണ്ടായതോടെ നൂറുകണക്കിനു ഇതര സംസ്ഥാനക്കാരെ പൊലീസ് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.

മാർച്ച് – നവംബർ മാസങ്ങളിൽ കശ്മീരിൽ 3–4 ലക്ഷത്തോളം ഇതരസംസ്ഥാനക്കാർ ജോലിക്കെത്താറുണ്ട്. മഞ്ഞുകാലത്ത് ഇവർ മടങ്ങുകയും ചെയ്യും. പ്രത്യേക പദവി നീക്കം ചെയ്തതോടെ, ഇതരസംസ്ഥാനക്കാർ വർധിച്ചതോതിൽ സ്ഥിരതാമസ അവകാശം നേടുമെന്ന ഭീതിയുടെ പ്രത്യാഘാതമാണ് ഇപ്പോഴത്തെ ആക്രമണങ്ങൾ.