Sat. Jan 18th, 2025

 

ദി ഗാര്‍ഡിയനില്‍ അതുല്‍ ദേവ് എഴുതിയ ‘ആളുകളെ ഭയപ്പെടുത്താൻ അയാൾ ഇഷ്ടപ്പെടുന്നു’: മോദിയുടെ വലംകയ്യായ അമിത് ഷാ എങ്ങനെയാണ് ഇന്ത്യ ഭരിക്കുന്നത് എന്ന റിപ്പോര്‍ട്ടിന്‍റെ പരിഭാഷ

മോദിയും ഷായും ചെയ്തത് പോലെ മാധ്യമ സ്വതന്ത്രത്തിനു മേലുള്ള അടിച്ചമര്‍ത്തല്‍ മറ്റാരും ചെയ്തിട്ടില്ല. ഇതിനു മുമ്പ് 1975-77ല്‍ ഇന്ദിരാഗാന്ധി ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥക്കാലത്താണ് പത്രസ്വാതന്ത്ര്യം ഹനിക്കപ്പെട്ടത്. ജഡ്ജി ലോയയുടെ കുടുംബത്തിന്റെ വെളിപ്പെടുത്തല്‍ 2017ല്‍ ഞാന്‍ ജോലി ചെയ്തിരുന്ന മാസികയായ കാരവന്‍ പ്രസിദ്ധീകരിച്ചതോടെയാണ് മോദി-ഷാ കാലത്തെ മാധ്യമങ്ങളുടെ ഭീരുത്വത്തിന്റെ സാരമായ സൂചന ലഭിച്ചത്.

ജഡ്ജിയുടെ മൃതദേഹം നേരിട്ട് കൈമാറിയില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. ജഡ്ജി ഹൃദയാഘാതം മൂലമാണ് മരിച്ചതെങ്കില്‍ എങ്ങനെയാണ് അദ്ദേഹത്തിന്റെ വസ്ത്രങ്ങളില്‍ രക്തക്കറയുണ്ടായത് എന്ന് കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു. ലോയയുടെ മരണത്തിന് മുമ്പ്, അമിത് ഷായെ കുറ്റവിമുക്തനാക്കാന്‍ മുതിര്‍ന്ന ജഡ്ജിമാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും അതിനായി ഭീമമായ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നും കുടുംബം ആരോപിച്ചിരുന്നു.

ആദ്യം ഒരു ന്യൂസ് ചാനലോ പത്രമോ ഈ വാര്‍ത്ത ഏറ്റെടുത്തില്ല. ഒരാഴ്ചയ്ക്ക് ശേഷം, ഇന്ത്യന്‍ എക്സ്പ്രസ് ഒരു ലേഖനം പ്രസിദ്ധീകരിച്ചു, അതില്‍ ബോംബെ ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ ലോയയുടെ കുടുംബത്തിന്റെ അവകാശവാദങ്ങള്‍ തള്ളിക്കളഞ്ഞു. അടിയന്തര ചികിത്സയ്ക്ക് ജഡ്ജിയെ പ്രവേശിപ്പിച്ച ആശുപത്രി ഇലക്ട്രോകാര്‍ഡിയോഗ്രാഫി യൂണിറ്റ് പോലും പ്രവര്‍ത്തിക്കാത്ത അറിയപ്പെടാത്ത സ്ഥലമാണ് എന്നതായിരുന്നു കുടുംബത്തിന്റെ ആരോപണങ്ങളിലെ മറ്റൊന്ന്.

ബ്രിജ്ഗോപാൽ ഹർകിഷൻ ലോയ Screengrab, Copyright: Scroll

കുടുംബം കള്ളം പറയുകയായിരുന്നു എന്നതിന്റെ തെളിവായി ജഡ്ജിയുടെ മരണത്തിന് തൊട്ടുമുമ്പ് എടുത്തതെന്ന് അവകാശപ്പെട്ട് ഒരു ഇസിജി റിപ്പോര്‍ട്ട് ഇന്ത്യന്‍ എക്സ്പ്രസ് അതിന്റെ മുന്‍ പേജില്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ ഈ റിപ്പോര്‍ട്ടിലെ തീയതി ലോയയുടെ മരണ തീയതിയുമായി പൊരുത്തപ്പെടുന്നില്ലാ എന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ പത്രം ഒരു തിരുത്തല്‍ കുറിപ്പ് പ്രസിദ്ധീകരിക്കുക മാത്രമാണ് ചെയ്തത്. എന്നിട്ടും കൂടുതല്‍ വിശദീകരണമോ റിപ്പോര്‍ട്ടിംഗോ ഇല്ലാതെ ഈ കഥയില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യന്‍ എക്സ്പ്രസ് ചെയ്തത്. ഒരു പൊതുപരിപാടിയില്‍ ലോയയുടെ മരണത്തെക്കുറിച്ച് ഷായോട് ചോദിച്ചപ്പോള്‍, ആളുകള്‍ കാരവനുപകരം ഇന്ത്യന്‍ എക്‌സ്പ്രസ് വായിക്കണം എന്നായിരുന്നു ഷായുടെ മറുപടി. ഷാ വിതച്ചതിന്റെ ഫലം കൊയ്യുകയായിരുന്നു.

മോദി സര്‍ക്കാരിന്റെ ആദ്യ ടേമില്‍ സര്‍ക്കാരിനെക്കുറിച്ചുള്ള കവറേജ് പരിധിവിട്ടുപോയപ്പോള്‍ മാധ്യമ ഉടമകളെ വിളിച്ചത് അമിത് ഷായാണ്. ഇന്ത്യയിലെ മാധ്യമ ഉടമകള്‍ ഏതാണ്ട് മുഴുവനായും ബിസിനസുകാരാണ്. കൂടുതല്‍ ആദായകരമായ മറ്റ് ബിസിനസുകള്‍ക്കായി അവര്‍ സര്‍ക്കാരിനെ ആശ്രയിക്കുന്നുണ്ട്. ടെലിവിഷന്‍ വാര്‍ത്തകളില്‍ മോദി ചെയ്തതെല്ലാം അമിതമായി പ്രചരിപ്പിക്കുകയും പ്രശംസിക്കുകയും ചെയ്യുമ്പോള്‍ മോദിയെയും ഷായെയും വ്രണപ്പെടുത്തിയ ന്യൂസ്‌പേപ്പര്‍ എഡിറ്റര്‍മാര്‍ അവരെ ഉപേക്ഷിച്ചു.

ഭരണഘടനാ പെരുമാറ്റച്ചട്ടങ്ങളുടെ മെച്ചപ്പെട്ട സംരക്ഷകരെ ഇന്ത്യയുടെ പരമോന്നത കോടതിയിലും കണ്ടെത്താനായില്ല. ലോയയുടെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് 2018ല്‍ നിരവധി ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഈ ആവശ്യങ്ങള്‍ നിരസിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന വിധി എഴുതിയത്.

ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ നിന്നും നിയമത്തില്‍ ബിരുദം നേടിയ ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡിനര്‍ഹനായ ചന്ദ്രചൂഡ്
ലോയയുടെ മരണസമയത്ത് ലോയയ്ക്കൊപ്പമുണ്ടായിരുന്ന നാല് ജഡ്ജിമാരുടെ രേഖാമൂലമുള്ള മൊഴികള്‍ വിധി പറയാന്‍ അവലംബിച്ചിരുന്നു. സംശയാസ്പദമായ ഒന്നും നടന്നിട്ടില്ലെന്ന് എല്ലാവരും പറഞ്ഞു. എന്നാല്‍ അവരുടെ വിവരണങ്ങളില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടായിരുന്നു. ഈ വൈരുദ്ധ്യങ്ങള്‍ ഒരിക്കലും പരിഹരിക്കപ്പെട്ടില്ല. കാരണം ഈ ജഡ്ജിമാര്‍ ഒരിക്കലും മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല. മാത്രമല്ല, കോടതിയില്‍ അവരുടെ മൊഴികള്‍ ക്രോസ് വിസ്താരം ചെയ്തിട്ടുമില്ല. അവരുടെ രേഖാമൂലമുള്ള മൊഴികള്‍ ഒരു സത്യവാങ്മൂലത്തില്‍ പോലും രേഖപ്പെടുത്തിയിട്ടില്ല. ഇതൊരു ഗുരുതരമായ നടപടിക്രമ വീഴ്ചയായിരുന്നു. ഈ പ്രസ്താവനകള്‍ ‘സത്യസന്ധമാണെന്’ ചന്ദ്രചൂഡ് വിധിയില്‍ എഴുതി.

ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലും അമിത് ഷായുടെ ഗുജറാത്ത് കാലത്തെ സുഹൃത്തുമായ തുഷാര്‍ മെഹ്ത്തയോട്, ഭരണഘടനാ തത്വങ്ങള്‍ സംരക്ഷിക്കുന്നതില്‍ സമീപ വര്‍ഷങ്ങളിലായി സുപ്രീം കോടതി പരാജയപ്പെട്ടുവെന്ന് പറഞ്ഞപ്പോള്‍ ഇമെയില്‍ വഴി അദ്ദേഹത്തിന്റെ മറുപടി ‘ഇത്തരമൊരു വീക്ഷണം ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു’. ‘ഇന്ത്യന്‍ നിയമവ്യവസ്ഥയും ഇന്ത്യയുടെ പരമോന്നത നീതിപീഠവും ലോകത്തിലെ തന്നെ ഏറ്റവും മികച്ച രീതിയില്‍ ഭരണഘടനാ തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. ദശലക്ഷക്കണക്കിന് പൗരന്മാരുടെ പരാതികള്‍ എല്ലായ്‌പ്പോഴും സുപ്രീം കോടതിയില്‍ എത്തുകയും സുപ്രീം കോടതി പരിഹരിക്കുകയും ചെയ്യുന്നു.’, തുഷാര്‍ മെഹ്ത ഇ മെയിലില്‍ എഴുതി.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത Screengrab, Copyright: Getty

കഴിഞ്ഞ ദശകത്തില്‍, ഞാന്‍ ഡല്‍ഹിയില്‍ ജോലി ചെയ്യുമ്പോഴും ജുഡീഷ്യറിയെ കവര്‍ ചെയ്യുമ്പോഴും സുപ്രീം കോടതി ജഡ്ജിമാരുമായി നിരവധി ഓഫ് ദി റെക്കോര്‍ഡ് മീറ്റിംഗുകള്‍ നടത്തുകയുണ്ടായിട്ടുണ്ട്. തുടക്കത്തില്‍, പൊതുജനങ്ങള്‍ അറിയേണ്ട വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഈ മീറ്റിംഗുകള്‍ പലപ്പോഴും മൂന്ന് മണിക്കൂറുകള്‍ നീളുന്ന സംഭാഷണങ്ങളായി മാറി, ചിലപ്പോള്‍ അത് അത്താഴം വരെ നീണ്ടു. ഒരു രാത്രി വൈകി സെന്‍ട്രല്‍ ഡല്‍ഹിയിലെ ഒരു ബംഗ്ലാവില്‍ നിന്ന് ഇറങ്ങിയപ്പോള്‍, അവര്‍ എന്നെ ക്ഷണിക്കുന്നതിന്റെ പിന്നിലെ കാരണം മനസ്സിലായി. അവരെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ എനിക്ക് അറിയാമെന്നാണ് ഈ ജഡ്ജിമാര്‍ കരുതിയിരുന്നത്. സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്ക് തന്നെ സുപ്രീം കോടതിയില്‍ എന്താണ് നടക്കുന്നതെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയില്ലാ എന്നത് എന്നില്‍ കടുത്ത അസ്വസ്ഥതയുണ്ടാക്കി. രാജ്യത്തെ സ്ഥാപനങ്ങളെല്ലാം തന്നെ, ആര്‍ക്കും എടുക്കാവുന്ന രീതിയില്‍, വായുവില്‍ പൊങ്ങിക്കിടക്കുകയാണെന്ന് ആ നിമിഷം ഞാന്‍ മനസ്സിലാക്കി.

ഈ സ്റ്റോറി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ ഒരു ജഡ്ജിയോട് മോദിയുടെ സര്‍ക്കാര്‍ ജുഡീഷ്യറിയെ സ്വാധീനിക്കുന്നുണ്ടോ, അങ്ങനെയെങ്കില്‍ എങ്ങനെയാണ് എന്ന് ചോദിക്കുകയുണ്ടായി. കാരവനില്‍ പ്രസിദ്ധീകരിച്ച സോളിസിറ്റര്‍ ജനറലായ മെഹ്തയെ കുറിച്ചുള്ള ഒരു സ്റ്റോറി വായിക്കാന്‍ ജഡ്ജി നിര്‍ദേശിച്ചു. ഞാനാണ് ആ സ്റ്റോറി എഴുതിയതെന്ന് ജഡ്ജിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം വിശ്വസിച്ചില്ല. അദ്ദേഹം തന്റെ ഫോണ്‍ എടുത്ത് ബൈലൈന്‍ പരിശോധിച്ച ശേഷം എന്നെ നോക്കി പറഞ്ഞു: ‘എങ്കില്‍ അത് എങ്ങനെ സംഭവിക്കുന്നുവെന്ന് നിങ്ങള്‍ എനിക്ക് പറഞ്ഞു തരണം’. 2014-ലെ ഒരു ജഡ്ജിയുടെ മരണത്തെ മാത്രം ചുറ്റിപ്പറ്റിയല്ല ഇത്തരം ചോദ്യങ്ങള്‍ ഉണ്ടാവുന്നത്. 1984-ലെ ഭോപ്പാല്‍ ദുരന്തത്തിന്റെ അനന്തരഫലത്തെക്കുറിച്ചും ഉത്തരം നല്‍കാതെ അവര്‍ മൗനം പാലിക്കുകയാണ്.

യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 500,000 ഇന്ത്യക്കാരാണ് വിഷവാതകമായ മീഥൈല്‍ ഐസോസയനേറ്റ് ശ്വസിച്ച് ഇരകളാക്കപ്പെട്ടത്. താരതമ്യേന ചെറിയ പിഴ ചുമത്തി ജഡ്ജിമാര്‍ കമ്പനിയെ വിട്ടയച്ചു. 1984-ല്‍ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ ആള്‍ക്കൂട്ട അക്രമത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അപരാധത്തെ കുറിച്ച്, ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ട 2002ലെ കലാപത്തില്‍ മോദിയുടെ പങ്കിനെക്കുറിച്ച് ഒന്നും ഇന്നത്തെ ദിവസം വരെ അവര്‍ (ജഡ്ജിമാര്‍) മിണ്ടിയിട്ടില്ല.

അധികാരനിയുക്തമായ ബലഹീനത ഇന്ത്യയില്‍ പുതുമയുള്ള കാര്യമല്ലെങ്കിലും മോദിയെ അദ്ദേഹത്തിന് മുമ്പുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ താല്‍പ്പര്യങ്ങള്‍ സ്വന്തം ലക്ഷ്യത്തിനായി അടിച്ചേല്‍പ്പിക്കുന്നു എന്നതാണ്. ഇത് ഗുജറാത്തില്‍ സംഭവിച്ചു. ഇപ്പോള്‍ അത് ഡല്‍ഹിയിലും നടക്കുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി, ഭരണകൂട അധികാരത്തിലെ ഈ കൃത്രിമത്വത്തിന്റെ മുഖമായിരുന്നു മോദി. ഇക്കാലമത്രയും, തിരശ്ശീലയ്ക്ക് പിന്നില്‍, തന്റെ യജമാനന് വേണ്ടി ചരട് വലിച്ചിരുന്നത് അമിത് ഷാ ആയിരുന്നു.

സിഖ് വിരുദ്ധ കലാപത്തില്‍ നിന്നുള്ള ദൃശ്യം Screengrab, Copyright: Times of India

2019-ല്‍ മോദിയുടെ രണ്ടാം ടേമിന്റെ തുടക്കം മുതല്‍ മനുഷ്യാവകാശ സംഘടനകളും വിദഗ്ധരും അന്താരാഷ്ട്ര മാധ്യമങ്ങളും മുമ്പെങ്ങുമില്ലാത്തവിധം ഇന്ത്യയെക്കുറിച്ച് ആശങ്കപ്പെടാന്‍ തുടങ്ങിയിരുന്നു. പല തരത്തില്‍, ഓരോ തവണയും അസ്വസ്ഥമാക്കുന്നത് അമിത് ഷായാണ്. മുന്‍കൂട്ടി തലക്കെട്ടുകള്‍ സൃഷ്ടിക്കുന്ന സംഭവങ്ങളുടെ എന്‍ജിനീയര്‍ അദ്ദേഹമാണ്.

2019 ഓഗസ്റ്റില്‍, ആഭ്യന്തര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ട് മാസത്തിന് ശേഷം ആര്‍എസ്എസിന്റെ ഒരു അജണ്ട സാക്ഷാത്കരിക്കാന്‍ അമിത് ഷാ സജ്ജനായി. ഇന്ത്യയിലെ ഏക മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കശ്മീരിന് നല്‍കിയിട്ടുള്ള പ്രത്യേക സംരക്ഷണം റദ്ദാക്കാന്‍ ഇന്ത്യന്‍ ഭരണഘടന ഭേദഗതി ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആ ദിവസം രാവിലെ വരെ മോദി മന്ത്രിസഭയിലെ മറ്റൊരു മന്ത്രിയും ഈ നീക്കത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ചേര്‍ന്ന് മാസങ്ങളോളം ഈ പദ്ധതിയില്‍ അതീവ രഹസ്യമായി പ്രവര്‍ത്തിച്ചു. പ്രഖ്യാപനത്തിന് രണ്ട് മണിക്കൂര്‍ മുമ്പ്, വിദേശകാര്യ മന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിസഭയിലെ ബാക്കിയുള്ളവരെ ഇക്കാര്യം ‘അറിയിച്ചു’. അമിത് ഷാ പരസ്യമായി പ്രഖ്യാപിക്കുന്നത് വരെ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടു.

വിദേശ പത്രപ്രവര്‍ത്തകര്‍ക്ക് മേഖലയിലേക്കുള്ള പ്രവേശനം നിഷേധിച്ചു. കശ്മീരിലെ മുഴുവന്‍ ജനങ്ങളെയും ഏകദേശം നാല് ദശലക്ഷം ആളുകളെ അവരുടെ എല്ലാ ആശയവിനിമയ ഉപാധികളും വിച്ഛേദിക്കപ്പെട്ട് ലോക്ക്ഡൗണിലാക്കി. ഇന്ത്യന്‍ സൈന്യം കടുത്ത കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അരലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ മേഖലയില്‍ നിലയുറപ്പിച്ചിരുന്നു. മാസങ്ങളോളം കശ്മീരികള്‍ക്ക് ആശുപത്രികളിലേയ്ക്ക് പ്രവേശനം ഇല്ലായിരുന്നു. ഇന്റര്‍നെറ്റ് നിരോധനവും മാസങ്ങളോളം തുടര്‍ന്നു. പക്ഷേ അവര്‍ക്ക് ടെലിവിഷനില്‍ വാര്‍ത്തകള്‍ കാണാന്‍ കഴിയുമായിരുന്നു. കാശ്മീരില്‍ എല്ലാം വളരെ സാധാരണമാണ് എന്ന് ഷാ വാര്‍ത്താ അവതാരകരോട് പറഞ്ഞുകൊണ്ടിരിക്കുന്നത് കശ്മീരികള്‍ ടെലിവിഷനില്‍ കണ്ടുകൊണ്ടിരുന്നു.

ഈ ക്രൂരമായ സാമൂഹിക പരീക്ഷണത്തിന്റെ അനന്തരഫലങ്ങളെ കുറിച്ച് ആളുകള്‍ സംസാരിച്ചു തുടങ്ങുമ്പോഴേക്കും ഷാ തന്റെ അടുത്ത പ്രൊജക്റ്റിലേക്ക് കടന്നിരുന്നു. 2019 ഒക്ടോബറില്‍ 1.3 ബില്യണ്‍ ഇന്ത്യക്കാരെയും പൗരത്വ പരിശോധനയ്ക്ക് വിധേയരാക്കി ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുക എന്ന ആശയം അദ്ദേഹം മുന്നോട്ടുവച്ചു. അയല്‍രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ന ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനര്‍, പാഴ്സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കുന്ന ഒരു പുതിയ പൗരത്വ നിയമത്തോടൊപ്പം ഒരു ദേശീയ രജിസ്റ്റര്‍ എന്ന ആശയവും അദ്ദേഹം അവതരിപ്പിച്ചു. എന്നാല്‍ മുസ്ലീങ്ങള്‍ ഒഴിവാക്കപ്പെട്ടിരുന്നു. ആ വര്‍ഷം ആദ്യം, ഒരു തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, അനധികൃത മുസ്ലീം കുടിയേറ്റക്കാര്‍ ‘ചിതലുകള്‍’ ആണെന്നും അവരെ ‘ഒന്നൊന്നായി’ ബിജെപി ബംഗാള്‍ ഉള്‍ക്കടലില്‍ എറിയുമെന്നും ഷാ പരാമര്‍ശിച്ചിരുന്നു.

ഡിസംബറില്‍, ഇന്ത്യന്‍ പൗരത്വ നിയമങ്ങളിലെ ആര്‍എസ്എസ് വല്‍ക്കരണത്തിനെതിരെ മുസ്ലീം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചപ്പോള്‍ ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹി പോലീസ് സര്‍വ്വകലാശാലകളില്‍ കയറി വിദ്യാര്‍ത്ഥികളെ നേരിട്ടു. അവര്‍ വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയും തലയ്ക്ക് പിന്നില്‍ കൈവെച്ച് ക്യാമ്പസിന് പുറത്തേക്ക് മാര്‍ച്ച് ചെയ്യിക്കുകയും ചെയ്തു. തുടര്‍ന്നുള്ള ആഴ്ചകളില്‍ രാജ്യത്തുടനീളം പ്രതിഷേധം പടര്‍ന്നു. ഡല്‍ഹിയില്‍, സ്റ്റേറ്റിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ ആയിരക്കണക്കിന് മുസ്ലീം സ്ത്രീകള്‍ റോഡുകള്‍ ഉപരോധിച്ചു. ഇവരെ തല്ലിയോടിക്കാന്‍ ഹിന്ദു ആള്‍ക്കൂട്ടങ്ങളോട് ബിജെപി നേതാക്കള്‍ ആഹ്വാനം ചെയ്തു. പോലീസിന്റെ അറിവോടെ ജനക്കൂട്ടം രാജ്യതലസ്ഥാനത്ത് മൂന്ന് ദിവസത്തോളം കലാപം നടത്തി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡല്‍ഹിയില്‍ നടന്ന പ്രതിഷേധം Screengrab, Copyright: AFP

”നിങ്ങള്‍ (അമിത് ഷായെ) പോലെയുള്ള ഒരാളെ പ്രസിഡന്റാക്കുമ്പോള്‍, അത് പാര്‍ട്ടിയുടെ മുഴുവന്‍ കേഡറുകള്‍ക്കും ഒരു വലിയ വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. എന്താണോ സ്വീകാര്യമായത് അല്ലെങ്കില്‍ എന്താണോ അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നത് അതിന്റെയൊക്കെ പരിധികളെ ഇത് മറികടക്കും.”, ഒരു ബിജെപി മുന്‍ മന്ത്രി എന്നോട് പറഞ്ഞു.

2018-ല്‍ ഒരു മന്ത്രി ഒരു മുസ്ലീമിനെ അടിച്ചുകൊന്നതിന് ശിക്ഷിക്കപ്പെട്ടവരെ പരസ്യമായി ഹാരമണിയിച്ചു. 2020-ല്‍ ഡല്‍ഹിയില്‍ നടന്ന ബിജെപി റാലിയില്‍ മോദിയുടെ വിമര്‍ശകരെ കുറിച്ച് ഒരു കാബിനറ്റ് മന്ത്രി പരാമര്‍ശിച്ചത് ‘തന്തയില്ലാത്തവന്മാരെ വെടിവെക്കണം’ എന്നാണ്. 2022-ല്‍, ഡല്‍ഹിയിലെ ഒരു ബിജെപി നിയമസഭാംഗം നഗരത്തിലെ മുസ്ലീം വ്യാപാര സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്തു. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ബിജെപി നേതാവിന്റെ സഹായി ഒരു ആദിവാസിയുടെ മുഖത്ത് മൂത്രമൊഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വെറുപ്പിന്റെ ഈ കൂമ്പാരങ്ങള്‍ക്ക് ഏറ്റവും മുകളിലുള്ളത് മോദിയും ഷായുമാണ്.

ജൂണില്‍ മോദി മൂന്നാം തവണയും അധികാരം ഉറപ്പിക്കും. ഇന്ത്യ ഒരു തിരഞ്ഞെടുപ്പ് ജനാധിപത്യമായി തുടരുന്നുണ്ടെങ്കിലും, വല്ലപ്പോഴും ഭരണഘടനാപരമായ ഒന്നാണെങ്കിലും നീതിയുക്തമായ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തുന്ന പ്രക്രിയ ആഴത്തില്‍ മലിനമായിരിക്കുന്നു. അമിത് ഷായുടെ നന്നായി പരിശീലിച്ച രാഷ്ട്രീയ കൊള്ള തന്ത്രങ്ങള്‍, പൗരന്മാര്‍ക്കും കമ്പനികള്‍ക്കുമെതിരെ സര്‍ക്കാര്‍ ഏജന്‍സികളെ അഴിച്ചുവിടല്‍ എന്നിവയിലൂടെ ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ ‘സംഭാവനകള്‍’ ആണ് ബിജെപിയ്ക്ക് നേടിക്കൊടുത്തത്.

2017ലാണ് ഇലക്ടറല്‍ ബോണ്ടുകള്‍ എന്നറിയപ്പെടുന്ന രാഷ്ട്രീയ ഫണ്ടിംഗിന്റെ ഒരു പുതിയ രൂപം അവതരിപ്പിക്കുന്നതിനുള്ള ബില്‍ സര്‍ക്കാര്‍ പാസാക്കുന്നത്. ദേശീയ ബാങ്കില്‍ നിന്ന് വ്യക്തികള്‍ക്കും കോര്‍പറേഷനുകള്‍ക്കും വാങ്ങാവുന്ന പ്രോമിസറി നോട്ടുകളായിരുന്നു ഇത്. സംഭാവന നല്‍കുന്നയാളുടെ വ്യക്തിത്വം പൊതുജനത്തോട് വെളിപ്പെടുത്താതെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് സംഭാവനകള്‍ സ്വീകരിക്കാം. 2024 ഫെബ്രുവരിയില്‍, ഏഴ് വര്‍ഷത്തിന് ശേഷം, ഒരു ദേശീയ തിരഞ്ഞെടുപ്പിനും ഒരു ഡസനിലധികം സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്കും ശേഷം സുപ്രീം കോടതി ഈ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തി.

അപ്പോഴേക്കും ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ആകെ കിട്ടിയ തുകയുടെ പകുതിയോളം ബിജെപിയുടെ അക്കൗണ്ടില്‍ എത്തിയിരുന്നു. പണം നല്‍കിയവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ കോടതി ദേശീയ ബാങ്കിനോട് ആവശ്യപ്പെട്ടപ്പോള്‍ ശ്രദ്ധേയമായ ഒരു കാര്യം വെളിപ്പെട്ടു. സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് നടത്തിയതിന് തൊട്ടുപിന്നാലെ ബിജെപിക്ക് സംഭാവന നല്‍കിയ 30 പ്രമുഖരില്‍ പകുതിയോളം പേരും വലിയ തുകകളാണ് സംഭാവന നല്‍കിയിരുന്നത്. ആദായനികുതി അധികാരികളോ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റോ റെയ്ഡ് നടത്തിയ അതേ ആഴ്ചയില്‍ തന്നെ ബോണ്ടുകള്‍ വാങ്ങിയവരും ഉണ്ടായിരുന്നു.

2024 മാര്‍ച്ചില്‍, നിരവധി മാസികകളും വാര്‍ത്താ ചാനലുകളും സ്വന്തമായുള്ള ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ വാര്‍ഷികാഘോഷത്തില്‍ അമിത് ഷാ ഇലക്ട്രല്‍ ബോണ്ടിനെ കുറിച്ച് സംസാരിക്കാന്‍ തയ്യാറായി. അവതാരകന്റെ ചോദ്യത്തിന് എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു പ്രസംഗം ഷാ കാഴ്ചവെച്ചു. ഇടയ്ക്കിടെ പ്രേക്ഷകരുടെ കരഘോഷം മുഴങ്ങി. ഇലക്ടറല്‍ ബോണ്ടുകള്‍ വഴി മറ്റ് പാര്‍ട്ടികള്‍ക്ക് ലഭിച്ച തുകകള്‍ ഷാ എണ്ണിയെണ്ണി (മറ്റെല്ലാവരേക്കാളും കൂടുതല്‍ പണം ബിജെപിക്ക് ലഭിച്ചുവെങ്കിലും) പറഞ്ഞു. ഇലക്ടറല്‍ ബോണ്ടുകള്‍ യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ ഫണ്ടിംഗില്‍ സുതാര്യത കൊണ്ടുവന്നുവെന്ന് അവകാശപ്പെട്ടു (ഇടപാടുകളുടെ വിശദാംശങ്ങള്‍ പരസ്യമാക്കുന്നതിനെ സോളിസിറ്റര്‍ ജനറല്‍ ആവര്‍ത്തിച്ച് എതിര്‍ത്തിരുന്നുവെങ്കിലും ഈ ‘സുതാര്യത’ എത്താന്‍ ഏഴ് വര്‍ഷമെടുത്തു).

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യ ടുഡേ കോൺക്ലേവ് 2024-ൽ സംസാരിക്കുന്നു Screengrab, Copyright: India Today

അവതാരകന്‍ കൂടുതല്‍ ഉത്തരങ്ങള്‍ക്ക് വേണ്ടി അമിത് ഷായെ സമ്മര്‍ദ്ദത്തിലാക്കിയില്ല. അത് ചിലപ്പോള്‍ അപകടകരമാകും. ഷാ ചിലപ്പോള്‍ അതൃപ്തനായിട്ടുണ്ടാവും. ഇന്ത്യാ ടുഡേ കോണ്‍ക്ലേവ് 2025-ല്‍ പങ്കെടുക്കാന്‍ അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചെന്നു വരില്ല. ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ ഉടമകളെ അടുത്ത ദിവസം രാവിലെ ആദായ നികുതി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരിക്കാം. എന്തായാലും പകരമായി ഒരു അഭിമുഖം പോലെ തോന്നിക്കുന്ന ഒന്ന് പൊതുജനങ്ങള്‍ക്ക് ലഭിച്ചു. അമിത് ഷാ എന്തും ചെയ്യാന്‍ തയ്യാറാണ് എന്നതിനെക്കുറിച്ച് എല്ലാവരും ഒരു ഊഹം സൂക്ഷിക്കുന്നുണ്ട്. അദ്ദേഹം ചെയ്യാത്ത എന്തെങ്കിലും ഉണ്ടോ എന്ന് ആര്‍ക്കും ഉറപ്പിക്കാനാവില്ല. (അവസാനിച്ചു)

FAQs

ആരാണ് അമിത് ഷാ?

ഇന്ത്യയുടെ നിലവിലെ ആഭ്യന്തര മന്ത്രിയാണ് അമിത് അനിൽചന്ദ്ര ഷാ എന്ന അമിത് ഷാ. 2019 മെയ് 30-ന് ആണ് ഇദ്ദേഹം ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റത്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിദ്യാർത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ നേതാവായാണ് അമിത് ഷാ, തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സഹപ്രവർത്തകരിൽ ഒരാൾ കൂടിയാണ് അമിത് ഷാ.

എന്താണ് ഭോപ്പാൽ ദുരന്തം?

അമേരിക്കൻ രാസവ്യവസായഭീമനായ യൂണിയൻ കാർബൈഡ് കമ്പനിയുടെ ഇന്ത്യയിലെ ഭോപ്പാലിലുണ്ടായിരുന്ന കീടനാശിനി നിർമ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാൽ ദുരന്തം എന്ന് അറിയപ്പെടുന്നത്. പ്രവർത്തനം ആരംഭിച്ച് എട്ടാമത്തെ വർഷം 1984 ഡിസംബർ 2 ന് 42 ടൺ മീഥൈൽ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കിൽ വെള്ളം കയറുകയും പിന്നീട് നടന്ന രാസപ്രവർത്തനങ്ങളുടെ ഫലമായി ടാങ്കിനുള്ളിലെ താപനില 200 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുകയും ചെയ്തു. കാറ്റിന്റ ദിശയ്ക്കനുസരിച്ച് വാതകം ഭോപ്പാൽ നഗരത്തിലുടനീളം അലയടിക്കുകയും 16000 നും 30000 നും ഇടയിൽ ആൾക്കാർ കൊല്ലപ്പെടുകയും ചെയ്തു.

എന്താണ് ഇലക്ടറല്‍ ബോണ്ട്?

വിദേശത്തു നിന്നുള്‍പ്പെടെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യകതികളില്‍നിന്നും രാഷട്രീയ പാര്‍ട്ടികള്‍ നേരിട്ട് സ്വീകരിക്കുന്ന സംഭാവനയാണ് ഇലക്ടറല്‍ ബോണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പ്രത്യേക ശാഖകളില്‍ നിന്നും നിശ്ചിത തുകയ്ക്കുള്ള ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയാല്‍ മതി. ഇവ അംഗീകൃത ബാങ്കുകളിലെ അവരവരുടെ അക്കൌണ്ടുകള്‍ മുഖേന പണമാക്കി മാറ്റാം.

Quotes

“ചൂഷകർക്കെതിരെ ചൂഷിതരുടെ ഏകാധിപത്യമാണ് വിപ്ലവം- ഫിഡൽ കാസ്ട്രോ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.