Tue. Jun 25th, 2024

ദി ഗാര്‍ഡിയനില്‍ അതുല്‍ ദേവ് എഴുതിയ ‘ആളുകളെ ഭയപ്പെടുത്താൻ അയാൾ ഇഷ്ടപ്പെടുന്നു’: മോദിയുടെ വലംകയ്യായ അമിത് ഷാ എങ്ങനെയാണ് ഇന്ത്യ ഭരിക്കുന്നത് എന്ന റിപ്പോര്‍ട്ടിന്‍റെ പരിഭാഷ

2002ലെ ഗുജറാത്ത് കലാപത്തിന്റെ തീയിലാണ് ഇന്നത്തെ ഇന്ത്യയുടെ ചരിത്രം ഉദ്ഘാടനം ചെയ്യപ്പെട്ടത്. നൂറുകണക്കിന് മുസ്ലീങ്ങളെ ഹിന്ദു ജനക്കൂട്ടം കൊലപ്പെടുത്തി. മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ജീവനോടെ കത്തിക്കുകയും ചെയ്തപ്പോഴും അക്രമം തടയാന്‍ പോലീസ് കാര്യമായൊന്നും ചെയ്തില്ല. ഗര്‍ഭിണികളുടെ വയറ് കത്തികൊണ്ട് കുത്തിക്കീറി മുസ്ലീം കുട്ടികളുടെ തലകള്‍ കല്ലുകൊണ്ട് തകര്‍ത്തു.

2004 ല്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് യുകെ സര്‍ക്കാര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. റിപ്പോര്‍ട്ടില്‍ ഈ കൂട്ടക്കൊലയ്ക്ക് മോദി ”നേരിട്ട് ഉത്തരവാദി’ ആണെന്ന് വെളിപ്പെടുത്തുന്നുണ്ട്. ഏകദേശം ഒരു ദശാബ്ദത്തോളം യുഎസിലോ യുകെയിലോ പ്രവേശിക്കുന്നതിന് അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കലാപത്തിന്റെ ഉത്തരവാദിത്തം മോദി എപ്പോഴും നിഷേധിച്ചിട്ടുണ്ട്. അടുത്തിടെ ഗുജറാത്തില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ അമിത് ഷാ ജനക്കൂട്ടത്തോട് അഭിമാനത്തോടെ പറഞ്ഞത് ഇങ്ങനെയാണ്: ‘മോദി സാഹിബ് അവരെ (ഇന്ത്യയിലെ മുസ്ലീങ്ങളെ) ഒരു പാഠം പഠിപ്പിച്ചു. അതിനുശേഷം ആരും കലാപം നടത്തിയിട്ടില്ല.’

2002 ല്‍, ആള്‍ക്കൂട്ട ആക്രമണത്തിന് തൊട്ടുപിന്നാലെ മോദി സംസ്ഥാനത്തിനകത്ത് ഒരു ‘അഭിമാന മാര്‍ച്ച്’ നടത്തി. ഹിന്ദു വോട്ടര്‍മാരെ അണിനിരത്തുകയും 2002-ല്‍ മോദിയുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയത്തിന് വഴിയൊരുക്കുകയും ചെയ്ത ആ കാംപെയ്നിലെ മോദിയുടെ പ്രധാന വക്താവ് അമിത് ഷായായിരുന്നു. താമസിയാതെ ഗുജറാത്തിന്റെ ആഭ്യന്തരകാര്യ മന്ത്രിയായി അമിത് ഷാ തിരഞ്ഞെടുക്കപ്പെട്ടു.

ഗുജറാത്ത് കലാപത്തില്‍ നിന്നുള്ള ദൃശ്യം Screengrab, Copyright: AFP

ആ വിജയത്തിന് ശേഷവും കലാപത്തില്‍ മോദിയുടെ പങ്കിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. നിരവധി വിശ്വസനീയമായ സ്രോതസ്സുകള്‍ മോദി അക്രമം മനപ്പൂര്‍വം അനുവദിച്ചു അല്ലെങ്കില്‍ പ്രോത്സാഹിപ്പിച്ചു എന്ന് ആരോപിച്ചു. അതില്‍ പ്രധാനി ബിജെപി നേതാവും മോദിയുടെ സഹപ്രവര്‍ത്തകനുമായിരുന്ന ഹരേന്‍ പാണ്ഡ്യയായിരുന്നു. പാണ്ഡ്യ ഈ ആരോപണങ്ങള്‍ മാധ്യമങ്ങളോട് ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

2003 മാര്‍ച്ചില്‍ പാണ്ഡ്യയെ ശരീരത്തില്‍ അഞ്ച് വെടിയുണ്ടകള്‍ തറച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഈ കേസ് ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുന്നു. ഹരേന്‍ പാണ്ഡ്യയോട് ചെയ്തത് പോലെ തന്നോടും മോദിയും ഷായും ചെയ്യുമോ എന്ന് ഭയമുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ബിജെപിയുടെ മുതിര്‍ന്ന നേതാവായ സുബ്രഹ്‌മണ്യന്‍ സ്വാമി എക്സില്‍ എഴുതിയിരുന്നു.

മോദിയും ഷായും താല്‍ക്കാലികമായി മാറ്റിവെച്ച ഹിന്ദു ദേശീയവാദികളുടെ തലമുറയില്‍ പെട്ടയാളാണ് സുബ്രഹ്‌മണ്യന്‍ സ്വാമി. രാഷ്ട്രീയ നിലവാരവുമുള്ള നേതാക്കളുടെ സ്വാധീനം പരിമിതപ്പെടുത്താന്‍ ആഗ്രഹിക്കുന്ന നേതാക്കളാണ് മോദിയും ഷായുമെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി പറഞ്ഞു. സ്വാമിയുടെ അഭിപ്രായത്തില്‍ ഷായാണ് ഈ ഷോയുടെ സ്റ്റേജ് മാനേജര്‍. ‘സോവിയറ്റ് യൂണിയനിലെ പോലെ പാര്‍ട്ടിയെ ഒരു യന്ത്രം പോലെ പ്രവര്‍ത്തിപ്പിക്കാന്‍ അമിത് ഷാ മോദിയെ സഹായിക്കുന്നു.’, സ്വാമി പറഞ്ഞു.

2010 ലെ അറസ്റ്റിനും നാടുകടത്തലിനും മുമ്പ് അമിത് ഷാ മോദിക്ക് വേണ്ടി ഗുജറാത്ത് ഭരിച്ചു. സംസ്ഥാന കാബിനറ്റില്‍ 12 വ്യത്യസ്ത വിഭാഗങ്ങള്‍ അദ്ദേഹം വഹിച്ചിരുന്നു. 2012 ല്‍, ഷെയ്ഖിന്റെയും ഭാര്യയുടെയും മരണവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസ് സുപ്രീം കോടതി ഗുജറാത്തില്‍ നിന്ന് മുംബൈയിലേക്ക് മാറ്റിയതോടെ ഷാ ഗുജറാത്തിലേയ്ക്ക് മടങ്ങിവന്നു. കേസ് തുടക്കം മുതല്‍ ഒടുക്കം വരെ ഒരൊറ്റ ജഡ്ജിയ്ക്ക് കീഴിലാണെന്ന് ഉറപ്പാക്കാനും സുപ്രീം കോടതി കീഴ്ക്കോടതിയെ ചുമതലപ്പെടുത്തിയിരുന്നു.

മോദി പ്രധാനമന്ത്രിയായതിനു ശേഷം, 2014 ല്‍ ഷായോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ, ഷെയ്ഖ് കേസ് പരിഗണിച്ചിരുന്ന ആദ്യത്തെ ജഡ്ജിയെ സ്ഥലം മാറ്റി. ആറുമാസത്തിനുശേഷം, ഡിസംബറില്‍ കേസ് പരിഗണിച്ചിരുന്ന രണ്ടാമത്തെ ജഡ്ജി, ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയ ഒരു വിവാഹ പരിപാടിക്കിടെ ഹൃദയാഘാതം മൂലം മരിച്ചു. കേസില്‍ നിയമിതനായ മൂന്നാമത്തെ ജഡ്ജി ചുമതലയേറ്റ് മൂന്നാഴ്ചയ്ക്കുള്ളില്‍ ഷായ്ക്കെതിരായ കുറ്റങ്ങള്‍ തള്ളി.

2014 ല്‍ മോദി ഷായെ ബിജെപി അധ്യക്ഷനാക്കി. അപ്പോഴും ഷായ്ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തപ്പെട്ടിരുന്നുവെങ്കിലും അനുസരണയോടെ പാര്‍ട്ടി അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്നു. ഷാ പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോള്‍ 35 ദശലക്ഷമായിരുന്ന പാര്‍ട്ടിയുടെ അംഗസംഖ്യ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആറിരട്ടിയായി വര്‍ദ്ധിച്ച് 180 ദശലക്ഷമായി. 2018 ല്‍ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ 21ലും ബിജെപി ഭരിച്ചു.

ഷാ അങ്ങേയറ്റം കാര്യക്ഷമമായ രാഷ്ട്രീയ സംഘാടകനാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഷാ ഒരു ഒബ്‌സസീവ് മൈക്രോമാനേജറാണെന്നാണ് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചവര്‍ പറയുന്നത്. ഇന്ത്യയില്‍ ഒരു ദശലക്ഷം പോളിംഗ് സ്റ്റേഷനുകളുണ്ട്. ഓരോ പ്രാദേശിക പോളിംഗ് സ്റ്റേഷനിലും വരുന്ന ബിജെപി വോട്ടര്‍മാരെ തിരിച്ചറിയാനും അവര്‍ വോട്ട് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കാനും അദ്ദേഹത്തിന്റെ സംഘാടകര്‍ എപ്പോഴും സജ്ജമായിരിക്കും. ഈ സംഘാടകര്‍ അവരുടെ സൂപ്പര്‍വൈസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. അവര്‍ ഒരു പ്രാദേശിക സൂപ്പര്‍വൈസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു, അവര്‍ ഷായ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

അമിത് ഷായും നരേന്ദ്ര മോദിയും Screengrab, Copyright: Live Law

ഷായുടെ അധികാരവും ഒരുപോലെ തര്‍ക്കമില്ലാത്തതാണ്. മോദിയുടെ ആദ്യ ടേമില്‍, ബിജെപിയുടെ അധ്യക്ഷനെന്ന നിലയില്‍ ഷാ സാങ്കേതികമായി സര്‍ക്കാരിന്റെ ഭാഗമായിരുന്നില്ല. എന്നാല്‍ ഡല്‍ഹിയിലെ കോര്‍പറേറ്റ് ലോബിയിസ്റ്റ് എന്നോട് പറഞ്ഞത് ‘ഷായുടെ ഫോണ്‍ കോള്‍ വന്നപ്പോള്‍ ക്യാബിനറ്റ് മന്ത്രിമാര്‍ കസേരയില്‍ നിന്ന് ചാടി എഴുനേല്‍ക്കുന്നത് കണ്ടു’ എന്നാണ്.

മോദിയുടെയും ഷായുടെയും ആദ്യകാലത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകനായ രാജീവ് ഷാ ഗുജറാത്തിലെ ഭരണക്രമത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: ഒന്നാമന്‍ മോദിയാണ്. കാരണം അദ്ദേഹം മോദിയായതിനാല്‍. ഒന്ന് മുതല്‍ 10 വരെയുള്ള എല്ലാ സംഖ്യകളും അദ്ദേഹമാണ്. 11 മുതല്‍ 30 വരെ അമിത് ഷായാണ്. പിന്നെയുള്ളത് എന്താണ് ചെയ്യേണ്ടതെന്ന് പറയുന്ന ഒരു കൂട്ടം ആളുകളാണ്.

അമിത് ഷാ ഹിന്ദുവാണോ എന്ന് പ്രതിപക്ഷ നേതാക്കള്‍ പരസ്യമായി ചോദിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിലേറെയായി ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു മാധ്യമപ്രവര്‍ത്തകനോടും ഞാന്‍ ഈ ചോദ്യം ചോദിച്ചു. അദ്ദേഹം എനിക്ക് ഉറപ്പുനല്‍കി, ‘ഷാ ഒരു കട്ടര്‍ (kattar Hindu) ഹിന്ദുവാണ്.’ ‘ദൃഢതയുള്ള’ എന്നര്‍ത്ഥം വരുന്ന ഹിന്ദി പദം അക്രമാസക്തമായ മൗലികവാദത്തെയും സൂചിപ്പിക്കുന്നു.

1964-ല്‍ സാമ്പത്തികമായി സമ്പന്നമായ, ഉയര്‍ന്ന ജാതിയിലുള്ള ഗുജറാത്തി കുടുംബത്തിലാണ് ഷാ ജനിച്ചത്. അഹമ്മദാബാദിലെ ചെറിയ നാട്ടുരാജ്യമായ മാന്‍സ ഭരിച്ചിരുന്ന രാജാവിന്റെ ഉപദേവായിരുന്നു നഗര്‍സേത്ത് കൂടിയായിരുന്ന അദ്ദേഹത്തിന്റെ മുത്തച്ഛന്‍. ഹവേലിയിലായിരുന്നു അദ്ദേഹത്തിന്റെ കുട്ടിക്കാലം. അദ്ദേഹത്തിന്റെ പിതാവ് അഹമ്മദാബാദ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പ്രസിഡന്റായിരുന്നു. തെര്‍മോപ്ലാസ്റ്റിക് വസ്തുക്കളില്‍ നിന്ന് പൈപ്പുകള്‍ നിര്‍മ്മിക്കുന്ന ബിസിനസും കുടുംബത്തിനുണ്ട്.

തനിക്ക് ഔപചാരിക പഠനത്തില്‍ താല്‍പ്പര്യമില്ലായിരുന്നുവെന്നും ഹിന്ദു ദേശീയ സംഘടനയായ ആര്‍എസ്എസിന്റെ പ്രാദേശിക ശാഖയില്‍ കൗമാരപ്രായത്തില്‍ സമയം ചെലവഴിക്കാനായിരുന്നു താല്‍പ്പര്യമെന്നും 2016 ല്‍, മാധ്യമപ്രവര്‍ത്തകനായ പാട്രിക് ഫ്രഞ്ചിനോട് ഷാ പറഞ്ഞിരുന്നു.

ഷായുടെ കൗമാര പ്രായത്തില്‍, അദ്ദേഹത്തിന്റെ കുടുംബം അഹമ്മദാബാദിലേക്ക് മാറി. അവിടെ വെച്ചാണ് തന്റെ ഇരട്ടി പ്രായമുള്ള മോദിയെ കാണുന്നത്. ”അന്ന് എനിക്ക് 16 അല്ലെങ്കില്‍ 17 വയസ്സായിരുന്നു,” ഷാ ഫ്രഞ്ചിനോട് പറഞ്ഞു. ‘അഹമ്മദാബാദ് ഉള്‍പ്പെടെ ഗുജറാത്തിലെ മൂന്ന് ആര്‍എസ്എസ് ജില്ലകളുടെ ചുമതല മോദിക്കായിരുന്നു. ആയിരക്കണക്കിന് പ്രവര്‍ത്തകരെ അദ്ദേഹം പരിശീലിപ്പിച്ചിരുന്നു.’ ഷാ ഫ്രഞ്ചിനോട് പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍, ഷാ വിഷയം അവസാനിപ്പിച്ചുകൊണ്ട് പറഞ്ഞു, ‘നരേന്ദ്ര ഭായിയുമായുള്ള വ്യക്തിപരമായ ബന്ധത്തെക്കുറിച്ച് ഞാന്‍ സംസാരിക്കാന്‍ പോകുന്നില്ല.’

പാട്രിക് ഫ്രഞ്ച് Screengrab, Copyright: The Quint

അമിത് ഷാ ഒരുപക്ഷെ ശാഖയില്‍ പോയിട്ടുണ്ടായിരിക്കാം. ഹിന്ദു സവര്‍ണ്ണതയുടെ അന്തരീക്ഷത്തില്‍ മുങ്ങിത്താഴുന്നത് ഇപ്പോള്‍ രാഷ്ട്രീയമായ കാര്യസാധനത്തിനുള്ള ടൂള്‍ ആയതിനാല്‍ കുട്ടിക്കാലത്ത് ആര്‍എസ്എസ് ശാഖകളില്‍ പോയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ധാരാളം ആളുകള്‍ ഇന്ന് ഇന്ത്യയിലുണ്ട്. ഗുജറാത്തിലെ പ്രാദേശിക റിപ്പോര്‍ട്ടര്‍മാരൊന്നും അമിത് ഷാ ശാഖയില്‍ പങ്കെടുത്തതായി കണ്ടിട്ടില്ല. ആര്‍എസ്എസിന്റെ യൂണിഫോമായ വെള്ള ഷര്‍ട്ടും കാക്കി ഷോട്‌സും ധരിച്ച അദ്ദേഹത്തിന്റെ ചിത്രങ്ങളുമില്ല. തങ്ങളുടെ അംഗങ്ങളുടെമേല്‍ ആര്‍എസ്എസ് ബ്രഹ്‌മചര്യം അടിച്ചേല്‍പ്പിക്കുമ്പോഴും ഷാ ഒരു കുടുംബസ്ഥനാണ്. 1987 ല്‍ അദ്ദേഹം വിവാഹിതനായി. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ തലവനായ ജയ് ഷാ മകനാണ്. ലോകത്തിലെ കായിക രംഗത്തെ ഏറ്റവും ശക്തനായ ഒറ്റയാനായാണ് ജയ് ഷാ അറിയപ്പെടുന്നത്.

ആര്‍എസ്എസിനെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഡല്‍ഹി ആസ്ഥാനമായുള്ള പത്രപ്രവര്‍ത്തകനായ ധീരേന്ദ്ര ഝാ എന്നോട് പറഞ്ഞത് സംഘടനയിലെ ആജീവനാന്ത ഭക്തരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് അമിത് ഷാ തന്റെ ജീവിതകഥ പുനക്രമീകരിച്ചതെന്നാണ്. ഷായുടെ ആദ്യകാല ജീവിതത്തെ കുറിച്ച് പറയുന്നതില്‍ പോരുത്തക്കേടുകളുണ്ട്. മോദിയുടെ 20 വര്‍ഷത്തെ ഭരണം ആഘോഷിക്കുന്ന വേളയില്‍ പുറത്തിറക്കിയ ഒരു പുസ്തകത്തില്‍ പറയുന്നത് 1987 ലാണ് മോദിയെ കണ്ടുമുട്ടുന്നത് എന്നാണ്. അന്ന് ഷായ്ക്ക് 17 അല്ല 23 വയസ്സായിരുന്നു.

1980-കളുടെ തുടക്കത്തില്‍ ഒരു സ്വകാര്യ കോളേജില്‍ ബയോകെമിസ്ട്രിയ്ക്ക് പഠിക്കുമ്പോള്‍ അമിത് ഷാ കുടുംബ ബിസിനസിനുവേണ്ടി ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ ഗൗതം അദാനിയെപ്പോലുള്ള ബിസിനസുകാര്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു.

1980-കളുടെ അവസാനത്തില്‍ ഹിന്ദു ദൈവമായ രാമന്റെ ജന്മസ്ഥലമാണെന്ന് അവകാശപ്പെടുന്ന സ്ഥലത്ത് ക്ഷേത്രം പണിയാന്‍ ബിജെപി അണിനിരന്നു. രാമന്റെ ജന്മസ്ഥലം അയോധ്യ പട്ടണത്തിലെ ഒരു പഴയ മസ്ജിദിന്റെ സ്ഥലത്താണെന്ന് അവര്‍ അവകാശപ്പെട്ടു. ഈ അവകാശവാദം ഉന്നയിച്ച് ബിജെപിയുടെ അധ്യക്ഷനായിരുന്ന എല്‍കെ അദ്വാനി മധ്യ ഇന്ത്യയിലുടനീളം രണ്ട് മാസത്തെ യാത്ര നടത്തി. 80 ദിവസത്തെ രഥ യാത്രയ്ക്ക് ശേഷം 14 സംസ്ഥാനങ്ങളിലായി 116 ഹിന്ദു-മുസ്ലീം കലാപങ്ങളുണ്ടാവുകയും 564 പേര്‍ കൊല്ലപ്പെടുകയും ചെയ്തുവെന്ന് ഇന്ത്യന്‍ ചരിത്രകാരന്‍ കെ എം പണിക്കര്‍ അഭിപ്രായപ്പെടുന്നു.

അദ്വാനിയുടെ യാത്രയ്ക്കിടെ ‘ജനങ്ങളെ അണിനിരത്താനുള്ള പ്രചാരണം’ നിയന്ത്രിച്ചിരുന്നത് താനാണെന്ന് അമിത് ഷാ അവകാശപ്പെടുന്നുണ്ട്. ബാബറി മസ്ജിദ് തകര്‍ത്ത് രണ്ടു വര്‍ഷത്തിനു ശേഷമാണ് ഷാ ഈ അവകാശവാദം ഉന്നയിക്കുന്നത്. 1991-ല്‍ ഗുജറാത്തിലെ ഒരു മണ്ഡലത്തില്‍ നിന്ന് ദേശീയ തിരഞ്ഞെടുപ്പില്‍ അദ്വാനി മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രചാരണ സംഘാടകനായിരുന്നു അമിത് ഷാ.

എല്‍ കെ അദ്വാനി നടത്തിയ രഥ യാത്ര Screengrab, Copyright: X

ഇന്ന് ഹിന്ദു ദേശീയതയുടെ ഹൃദയഭൂമിയായ ഗുജറാത്തില്‍ 1969 ലും 1985 ലും മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ട് വലിയ തോതിലുള്ള കലാപങ്ങളുണ്ടായി. ഈ കാലഘട്ടത്തിലാണ് ഷാ വളര്‍ന്നത്. 1990 കളില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിടുന്നത് സാധാരണമായിരുന്നു എന്നാണ് ഗുജറാത്തി ചരിത്രകാരനായ അച്യുത് യാഗ്‌നിക് അഭിപ്രായപ്പെടുന്നത്. 2002-ലെ ഗുജറാത്ത് കലാപത്തോടെ ഈ ആക്രമണങ്ങള്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.

ഗുജറാത്തി പത്രപ്രവര്‍ത്തകനായ രാജീവ് ഷാ അമിത് ഷായുടെ പഴയ മണ്ഡലമായ സര്‍ഖേജിലാണ് ദശാബ്ദങ്ങളായി താമസിക്കുന്നത്. ഗുജറാത്തിലെ സാഹചര്യങ്ങള്‍ രൂക്ഷമായ സമയത്ത് മോദിയുടെ ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ അമിത് ഷായോട് രാജീവ് ഷാ ചോദിച്ചു: ഹിന്ദുക്കളുടെയും മുസ്ലീം സമുദായത്തിന്റെയും നേതാക്കളെ ഒരുമിച്ച് കൊണ്ടുവന്ന് സമാധാനത്തിനായി അഭ്യര്‍ത്ഥിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്ന്. അമിത് ഷാ ചിരിച്ചു കൊണ്ട് ചോദിച്ചത് അദ്ദേഹം എവിടെയാണ് താമസിക്കുന്നത് എന്നാണ്. സര്‍ഖേജില്‍ ഹിന്ദുവും മുസ്ലീമും തമ്മില്‍ വേര്‍തിരിക്കപ്പെട്ടിരുന്നു. രാജീവിന്റെ തെരുവ് വിലാസം കേട്ട അമിത് ഷാ പറഞ്ഞത് വിഷമിക്കേണ്ട, നിങ്ങളുടെ ഭാഗത്ത് ഒന്നും സംഭവിക്കില്ലാ എന്നാണ്. (തുടരും)

FAQs

ആരാണ് അമിത് ഷാ?

ഇന്ത്യയുടെ നിലവിലെ ആഭ്യന്തര മന്ത്രിയാണ് അമിത് അനിൽചന്ദ്ര ഷാ എന്ന അമിത് ഷാ. 2019 മെയ് 30-ന് ആണ് ഇദ്ദേഹം ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റത്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിദ്യാർത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ നേതാവായാണ് അമിത് ഷാ, തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സഹപ്രവർത്തകരിൽ ഒരാൾ കൂടിയാണ് അമിത് ഷാ.

എന്താണ് ഗുജറാത്ത് കലാപം?

2002 ൽ ഗുജറാത്തിൽ നടന്ന ഹിന്ദു-മുസ്ലീം കലാപമാണ് ഗുജറാത്ത് കലാപം അഥവാ ഗുജറാത്ത് മുസ്ലീം വംശ ഹത്യ. അഹമദാബാദിൽ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. ഗോധ്രയിൽ സബർമതി എക്സ്പ്രെസിൽ അയോദ്ധ്യാ സന്ദർശനത്തിനു ശേഷം മടങ്ങി പോയ്‌ക്കൊണ്ടിരുന്ന കാർസേവകർ ഉൾപ്പെടെ 58 പേർ കൊല്ലപ്പെട്ട ഗോധ്ര തീവണ്ടികത്തിക്കൽ കേസിനെ തുടർന്നാണ് കലാപങ്ങളുടെ ആരംഭം എന്ന് കരുതപ്പെടുന്നു.

ആരാണ് എൽ കെ അദ്വാനി?

ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും ഭാരതീയ ജനതാ പാർട്ടിയുടെ മുൻ പ്രസിഡന്റുമാണ് എൽ കെ അദ്വാനി. രാഷ്ട്രീയ സ്വയംസേവക് സംഘിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്വാനി ഇന്ത്യയിലെ ബിജെപി സജീവമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.

Quotes

“എനിക്ക് ജനാധിപത്യത്തിന്റെ ആരവം ഇഷ്ടമാണ്- ജെയിംസ് ബുക്കാനൻ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.