Fri. Dec 27th, 2024

ന്യൂഡൽഹി: ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ ഭാഗമായതിന് പിന്നാലെ എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ. എൻഡിഎയിൽ ചേര്‍ന്ന് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് സിബിഐ കേസ് അവസാനിപ്പിച്ചത്.

പ്രഫുല്‍ പട്ടേല്‍ വ്യോമയാന മന്ത്രിയായിരിക്കുമ്പോള്‍ നടന്ന എയര്‍ ഇന്ത്യ – ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനവുമായി ബന്ധപ്പെട്ട കേസിലാണ് സിബിഐ പ്രഫുൽ പട്ടേലിന് ക്ലീന്‍ചിറ്റ് നല്‍കിയത്.

സിബിഐ സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ടില്‍, എയര്‍ ഇന്ത്യ – ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനത്തിന് ശേഷം നാഷണല്‍ ഏവിയേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് വിമാനങ്ങള്‍ പാട്ടത്തിന് നല്‍കിയതില്‍ അപാകതകളുണ്ടെന്ന ആരോപണത്തിന് തെളിവില്ലെന്നാണ് പറയുന്നത്. 2017 ലാണ് കേസ് സിബിഐ അന്വേഷിക്കാന്‍ തുടങ്ങിയത്.

യുപിഎ കാലത്ത് വിമാനങ്ങൾ പാട്ടത്തിന് വാങ്ങിയതും റൂട്ടുകൾ സ്വകാര്യ കമ്പനികൾക്ക് അനുവദിച്ചതിലുമാണ് പ്രഫുൽ പട്ടേലിനെതിരെ ആരോപണം ഉയര്‍ന്നിരുന്നത്. ഈ ഇടപാടിലൂടെ സര്‍ക്കാരിന് വലിയ നഷ്ടമുണ്ടായെന്നും വ്യക്തികൾക്ക് സാമ്പത്തിക ലാഭമുണ്ടായെന്നുമാണ് ആരോപണം.