Sat. Jan 18th, 2025

ഗഡ്ചിറോളി: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സർക്കാർ 36 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാക്കളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

തെലങ്കാനയിൽ നിന്ന് ഗഡ്ചിറോളിയിലേക്ക് മാവോയിസ്റ്റുകൾ പ്രവേശിച്ചതായി തിങ്കളാഴ്ച മുന്നറിയിപ്പ് ലഭിച്ചതായി പോലീസ് സൂപ്രണ്ട് നീലോത്പാൽ പറഞ്ഞു. പ്രത്യേക യൂണിറ്റുകളായ സി-60, സിആർപിഎഫിൻ്റെ ക്വിക്ക് ആക്ഷൻ ടീം എന്നിവരെ തിരച്ചിൽ പ്രവർത്തനങ്ങൾക്കായി വിന്യസിപ്പിച്ചു.

കൊലമർക മലനിരകളിൽ നടത്തിയ തിരച്ചിലിനിടയിൽ മാവോയിസ്റ്റുകൾ സി-60 സംഘത്തിനെതിരെ വെടിവെക്കുകയായിരുന്നുവെന്നാണ് സുരക്ഷാ സേനയുടെ പ്രതികരണം. വെടിവെപ്പിനെ തുടർന്ന് നാല് മാവോയിസ്റ്റുകളുടെ മൃതദേഹവും ആയുധങ്ങളും കണ്ടെത്തി.

വർഗീസ്, മഗ്തു, കുർസങ് രാജു, കുടിമേറ്റ വെങ്കടേഷ് എന്നിവരാണ് കൊല്ലപ്പെട്ടവർ. എകെ47, കാർബൈൻ, രണ്ട് പിസ്റ്റളുകൾ, നക്സൽ സാഹിത്യങ്ങൾ, മറ്റ് വസ്തുക്കളും കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.