Tue. Sep 10th, 2024

ഡൽഹി: ശക്തിയെക്കുറിച്ചുള്ള തൻ്റെ പരാമർശം മതപരമല്ലെന്ന വിശദീകരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

തന്റെ പ്രസ്താവനയിൽ അനാവശ്യ വിവാദം ബിജെപി ഉണ്ടാക്കുകയാണെന്ന് കോൺഗ്രസ് എംപി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ പരാമർശങ്ങൾ വളച്ചൊടിക്കുകയാണെന്നും രാഹുൽ വിമർശിച്ചു.

ശക്തി എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന വിശദീകരണം രാഹുൽ ഗാന്ധി എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നുണ്ട്.

“അധികാരത്തിന് (ശക്തി) എതിരെയാണ് പോരാട്ടം. നരേന്ദ്ര മോദി ആ അധികാരത്തിന്റെ മുഖംമൂടി മാത്രമാണ്” എന്ന് എംപി രാഹുൽ ഗാന്ധി കുറിച്ചു.

“ഞാൻ സംസാരിക്കുന്ന ശക്തി മതമല്ല, മറിച്ച് അനീതിയുടെയും അസത്യത്തിന്‍റെയും അഴിമതിയുടെയും ശക്തിയാണ്. ഇന്ത്യയുടെ സ്ഥാപനങ്ങൾ, സിബിഐ, ഐടി, ഇഡി, തിരഞ്ഞെടുപ്പ് കമ്മീഷൻ, മാധ്യമങ്ങൾ, ഇന്ത്യൻ വ്യവസായം തുടങ്ങിയവയെല്ലാം ആ ശക്തിയുടെ പിടിയിലാണ്.”, രാഹുൽ ഗാന്ധി വിശദീകരിച്ചു.

“ഈ ശക്തി കാരണം വൻകിട കോർപ്പറേറ്റുകൾക്ക് ആയിരക്കണക്കിന് കോടികളുടെ ബാങ്ക് ഇളവ് ലഭിക്കുമ്പോൾ പാവപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ കർഷകരെ കൂടുതൽ ദയനീയമായ അവസ്ഥയിലേക്ക് തള്ളിവിടുകയാണ്.”, രാഹുൽ കൂട്ടിച്ചേർത്തു.

ജനാധിപത്യത്തിന്റെ നാലാം തൂൺ വസ്തുതകൾ റിപ്പോർട്ട് ചെയ്യുന്നത് നിർത്തിയെന്നും ഈ ശക്തിയെ സല്യൂട്ട് ചെയ്യുകയാണെന്നും മാധ്യമങ്ങളോട് ആഞ്ഞടിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.
ഈ അപ്രഖ്യാപിത ശക്തിയ്‌ക്കെതിരായ തൻ്റെ വാദങ്ങളും പോരാട്ടങ്ങളും ഏതെങ്കിലും മതത്തെ പറ്റിയല്ല, അഴിമതിക്കും വ്യാജ വിവരണങ്ങൾക്കും എതിരെയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

“ഹിന്ദിയിൽ ശക്തി എന്നൊരു വാക്ക് ഉണ്ട്. ഞങ്ങൾ ശക്തിക്കെതിരെ പോരാടുകയാണ്. എന്താണ് ആ ശക്തി, അത് നമുക്ക് എന്താണ് നൽകുന്നത് എന്നതാണ് ചോദ്യം.”, എന്നാണ് കോൺഗ്രസിൻ്റെ ന്യായ് യാത്രയുടെ സമാപനത്തോടനുബന്ധിച്ച് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ പറഞ്ഞത്.

രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ ശക്തി ദേവതയെ അപമാനിച്ചുവെന്നാരോപിച്ച് മോദി രംഗത്തെത്തിയിരുന്നു. ശക്തിയില്‍ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നയാളാണ് താനെന്നും ശക്തിക്ക് വേണ്ടി താൻ ജീവൻ വെടിയാനും തയ്യാറാണെന്നും ഓരോ സ്ത്രീയും അമ്മയും പെങ്ങളും ശക്തിയാണെന്നും അവരെ എതിർക്കലാണ് ഇന്ത്യ സഖ്യത്തിന്‍റെ ലക്ഷ്യമെങ്കിൽ അതിനെതിരെ പോരാടാൻ താൻ തയ്യാറെന്നുമാണ് മോദി പറഞ്ഞത്.