Mon. Dec 23rd, 2024

പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്തി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ വിജ്ഞാപനമിറക്കി.1955 ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയതാണ് ഈ പുതിയ നിയമം. അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31 ന് മുൻപ് ഇന്ത്യയിൽ എത്തിയ ഹിന്ദു, സിഖ്, ബൗദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ എന്നിവർക്ക് പൗരത്വം നല്‍കും എന്നതാണ് നിയമം. എന്നാല്‍ ഇതില്‍ മുസ്ലിം മത വിഭാഗത്തില്‍പ്പെട്ടവര്‍ ഉള്‍പ്പെടുന്നില്ല.

1955 ലെ നിയമ പ്രകാരം 11 വര്‍ഷം ഇന്ത്യയില്‍ താമസിച്ചിട്ടുള്ളവര്‍ക്കാണ് പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ പുതിയ നിയമ പ്രകാരം ഇത് ആറുവര്‍ഷമായി കുറച്ചിരിക്കുകയാണ്. ഇന്ത്യയില്‍ ജനിച്ച വ്യക്തിക്കോ ഇന്ത്യന്‍ മാതാപിതാക്കളുള്ളവര്‍ക്കോ ഒരു പ്രത്യേക കാലപരിധിയില്‍ ഇന്ത്യയില്‍ താമസിച്ചിട്ടുള്ളവര്‍ക്കോ പൗരത്വം നല്‍കുന്നതിനായി ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

1955 ലെ നിയമ പ്രകാരം പാസ്പോര്‍ട്ട്, വിസ, തുടങ്ങിയ യാത്രാരേഖകലില്ലാതെ വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ താമസിക്കുന്നവരെയും അനധികൃത കുടിയേറ്റക്കാരായാണ് കണക്കാക്കുന്നത്. 1946ലെ വിദേശി നിയമം, 1920ലെ പാസ്‌പോര്‍ട്ട് എന്‍ട്രി നിയമം എന്നീ നിയമങ്ങള്‍ പ്രകാരം ഇവരെ നാട് കടത്താം.

2015, 2016 ല്‍ പ്രത്യേക വിജ്ഞാപത്തിലൂടെ ചില പ്രത്യേക വിഭാഗങ്ങളിലെ അനധികൃത കുടിയേറ്റക്കാരെ 1946ലെ വിദേശി നിയമത്തിന്റെയും 1920ലെ പാസ്‌പോര്‍ട്ട് എന്‍ട്രി നിയമത്തിന്റെയും നിയനടപടികളില്‍ നിന്ന് ഒഴിവാക്കി.

2016 ജൂലൈ 19 നാണ് ബില്ല് ആദ്യമായി ലോകസഭയില്‍ അവതരിപ്പിച്ചത്. 2019 ജനുവരി എട്ടിന് ബില്ല് ലോകസഭ പാസാക്കി. എന്നാല്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പലയിടങ്ങളിലും പ്രക്ഷോഭങ്ങള്‍ തുടങ്ങി. പിന്നീട്‌ രാജ്യസഭയില്‍ ബില്ല് പാസാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. 16-ാം ലോക്സഭയുടെ കാലാവധി കഴിഞ്ഞതോടെ ബില്ല് അസാധുവായി.

2019 ഡിസംബര്‍ നാലിന് കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നൽകി. ഈ നിയമം 2020 ജനുവരി 10 ന് നിലവിൽ വന്നു. എന്നാല്‍ ചട്ടങ്ങള്‍ രൂപീകരിക്കാത്തതുകൊണ്ട് നിയമം പ്രാബല്യത്തില്‍ വരുത്താനായി സാധിച്ചില്ല. 2024 തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ മോദി സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയിരിക്കുകയാണ്.