Fri. Nov 8th, 2024

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ ഔദ്യോഗിക വിജ്ഞാപനമിറക്കിയതിന് പിന്നാലെ തിരുവനന്തപുരത്ത് നടന്ന പ്രതിഷേധത്തില്‍ 124 പേര്‍ക്കെതിരെ കേസെടുത്തു. രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ വെൽഫെയർ പാർട്ടി, എംഎസ്എഫ്, ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ്‌ കേസെടുത്തിരിക്കുന്നത്.

സമരക്കാര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ  സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നിരവധി കേസുകൾ നിലനിൽക്കുന്നുണ്ട്. ഈ കേസുകൾ പിൻവലിക്കുമെന്ന് സർക്കാരും മുഖ്യമന്ത്രി നേരിട്ടും അറിയിച്ചിരുന്നെങ്കിലും ഒരു ഉറപ്പും പാലിക്കപ്പെട്ടില്ലെന്നു പരാതി ഉയരുന്നതിനിടെയാണു പുതിയ പ്രതിഷേധങ്ങൾക്കെതിരെയും കേസുമായി മുന്നോട്ടുപോകുന്നത്.

പൗരത്വ ഭേദഗതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെ സംസ്ഥാനത്ത് ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രെയിന്‍ തടയലും ഉണ്ടായിരുന്നു.