കർണ്ണാടകയിൽ സിദ്ധരാമയ്യ മന്ത്രിസഭയിലെ 34 അംഗ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചു. . ധനകാര്യം, ഭരണപരിഷ്‌കാരം, മന്ത്രിസഭാ കാര്യങ്ങള്‍, ഇന്റലിജന്‍സ് എന്നീ വകുപ്പുകള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ ഇക്കുറിയും കൈകാര്യം ചെയ്യും. കർണ്ണാടകയിലെ ഏറ്റവും നിർണ്ണായക വകുപ്പായ ധനകാര്യം പതിവായി മുഖ്യമന്ത്രി തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ഐടി – ബി ടി , അടിസ്ഥാന സൗകര്യ വകുപ്പുകളും മുഖ്യമന്ത്രിക്കാണ്. ജലസേചന വകുപ്പും ബെംഗളൂരു നഗര വികസനവുമാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്. മലയാളിയായ കെ ജെ ജോർജ് ഊർജ വകുപ്പ് കൈകാര്യം ചെയ്യും. ഇന്റലിജെൻസ് ഒഴികെയുള്ള ആഭ്യന്തരവകുപ്പ് ഡോ. ജി പരമേശ്വരയ്ക്കും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മുന്‍ കേന്ദ്രമന്ത്രി കെ എച്ച് മുനിയപ്പയ്ക്കുമാണ്. സഭയിലെ ഏക വനിതയായ ലക്ഷ്മി ഹെബ്ബാള്‍ക്കറിന് സാമൂഹ്യ കുടുംബക്ഷേമ വകുപ്പാണ് ലഭിച്ചത്. ഇവരുൾപ്പെടുന്ന 34 അംഗ മന്ത്രിസഭയാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തത്.