കമ്പം: തമിഴ്‌നാട് കമ്പം മേഖലയെ ഭീതിയിലാക്കിയ അരിക്കൊമ്പന്‍ ജനവാസ മേഖലയ്ക്ക് സമീപം തുടരുന്നു. അവസാനം ലഭിച്ച സിഗ്നലിന്റെ അടിസ്ഥാനത്തില്‍ അരിക്കൊമ്പന്‍ ചുരുളിക്ക് സമീപമാണെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. തമിഴ്‌നാട്-കേരളം വനം വകുപ്പുകളുടെ കര്‍ശന നിരീക്ഷണത്തിലാണ് അരിക്കൊമ്പനുള്ളത്. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയാണ്. ജനവാസ മേഖലയില്‍ നിന്ന് മാറി ഇന്നലെ രാത്രി മേഘമല ഭാഗത്തേക്ക് നീങ്ങിയിരുന്നു. ഉച്ചക്ക് കൂത്തനാച്ചി ക്ഷേത്രത്തിന് പിന്‍ ഭാഗത്തെ വനമേഖലയില്‍ എത്തിയ അരിക്കൊമ്പന്‍ അവിടെ മണിക്കൂറുകളോളം വിശ്രമിച്ച ശേഷമാണ് പതിയെ സഞ്ചരിച്ചു തുടങ്ങിയത്. കമ്പത്തെ ജനവാസ മേഖലയില്‍ നിന്നും വിരണ്ടോടിയ അരിക്കൊമ്പന്‍ ക്ഷീണിതനായിരിക്കാമെന്നാണ് വനം വകുപ്പ് കരുതുന്നത്. ഇന്നലെ രാവിലെ മയക്കുവെടി വെച്ച് അരിക്കൊമ്പനെ ഉള്‍വനത്തിലേക്ക് അയക്കാനായിരുന്നു തമിഴ്നാട് വനം വകുപ്പിന്റെ തീരുമാനം. എന്നാല്‍ ആന ഉള്‍ക്കാട്ടിലേക്ക് പോയതോടെ നടപടി മാറ്റിവയ്ക്കുകയായിരുന്നു. താഴ്‌വരയില്‍ കമ്പം മേഖലയിലെ ജനവാസ മേഖലയിലേക്ക് വീണ്ടുമെത്തിയാല്‍ മാത്രം മയക്കുവെടി വച്ചാല്‍ മതിയെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം.