Thu. Jan 23rd, 2025

ആലപ്പുഴ: ആലപ്പുഴ പുളിങ്കുന്നില്‍ യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് കായലില്‍ മുങ്ങി. റിലാക്‌സ് കേരള എന്ന ഹൗസ് ബോട്ടാണ് വെള്ളത്തില്‍ മുങ്ങിത്താഴ്ന്നത്. അപകട സമയത്ത് മൂന്ന് യാത്രക്കാര്‍ ബോട്ടില്‍ ഉണ്ടായിരുന്നു. ബോട്ട് മുങ്ങിത്താഴുന്നതിന് മുന്‍പ് മറ്റ് ഹൗസ് ബോട്ടുകളിലും സ്പീഡ് ബോട്ടുകളിലുമായി എത്തിയവര്‍ യാത്രക്കാരെ രക്ഷിച്ചു. അടിത്തട്ടിലൂടെ വെള്ളം കയറിയതാണ് ബോട്ട് മുങ്ങിത്താഴാന്‍ കാരണം എന്നാണ് പ്രാഥമിക വിവരം. കായലില്‍ സ്ഥാപിച്ച ഒരു കുറ്റിയില്‍ ഇടിച്ച് ബോട്ടിന്റെ അടിപ്പലക തകര്‍ന്നതാണ് വെള്ളം കയറാന്‍ കാരണമെന്നാണ് സംശയം. ചാണ്ടി ഫിലിപ്പ് എന്ന വ്യക്തിയുടെ ഉടമസ്ഥതയില്‍ ഉള്ള കാലപ്പഴക്കം ചെന്ന ബോട്ടാണ് മുങ്ങിത്താഴ്ന്നത്. അനസ് എന്ന മറ്റൊരു വ്യക്തി ലീസിനെടുത്ത നടത്തിയിരുന്ന ബോട്ടിന്റെ രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞ ശേഷം ഇതുവരെ പുതുക്കിയിട്ടില്ല. നിയമസാധുതയുള്ള ഒരു രേഖയും ബോട്ടിലുണ്ടായിരുന്നില്ലെന്ന് അപകടത്തിന് ശേഷം വ്യക്തമായി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം