Thu. Dec 12th, 2024

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടിയില്‍ ഭിന്നശേഷിക്കാരനായ റിജേഷിനാണ്(35) പരിക്കേറ്റത്. രാവിലെ എട്ട് മണിയോടെ റബ്ബര്‍ ടാപ്പിങ് ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന റിജേഷിനെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. സംസാരശേഷിയില്ലാത്ത ഇദ്ദേഹം രാവിലെ അച്ഛനൊപ്പമാണ് റബ്ബര്‍ ടാപ്പിങ്ങിനായി വീട്ടില്‍ നിന്നിറങ്ങിയത്. ഗുരുതരമായി പരിക്കേറ്റ റിജേഷിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം റിജേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. റിജേഷിന്റെ തലയ്ക്കും വയറിനുമാണ് പരിക്കേറ്റത്. റിജേഷിന് സംസാര ശേഷിയില്ലാത്തതിനാല്‍ കാട്ടുപോത്തിന്റെ ആക്രമണം ആദ്യം പിതാവ് അറിഞ്ഞില്ല. പിന്നീട് തിരിഞ്ഞ് നോക്കിയപ്പോഴാണ് മകന്‍ വീണ് കിടക്കുന്നത് കണ്ടത്. റിജേഷിന് ശരീരത്തിന് പുറത്തേക്ക് കാര്യമായ പരിക്കില്ലെങ്കിലും ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റുവെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം