Mon. Dec 23rd, 2024

കൊല്ലം: പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് കൊല്ലം ജില്ല കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കണം. പ്രധാന ജംങ്ഷനുകളിലും സ്‌കൂളുകള്‍ക്ക് സമീപവും അവ്യക്തമായി കിടക്കുന്ന സീബ്രാലൈനുകള്‍ പുനസ്ഥാപിക്കണമെന്നും കളക്ടര്‍ പറഞ്ഞു. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് തടിക്കാട് അഞ്ചല്‍ ബൈപ്പാസ് റോഡിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. കുന്നിക്കോട്- കുര റെയില്‍വേസ്റ്റേഷന്‍- മൈലം റോഡിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.കല്ലുവാതുക്കല്‍ ജങ്ഷനില്‍ പെര്‍മിറ്റില്ലാതെ ഓട്ടോറിക്ഷ സ്റ്റാന്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ പരിശോധന നടത്താനും നിര്‍ദേശിച്ചു. കൊറ്റങ്കര ഗ്രാമപഞ്ചായത്തില്‍ റോഡിന് ഇരുവശവും പരസ്യബോര്‍ഡുകള്‍, ടൈലുകള്‍ തുടങ്ങിയവ അലക്ഷ്യമായി നിക്ഷേപിച്ചിരിക്കുന്നത് അടിയന്തരമായി നീക്കം ചെയ്യണമെന്നും നിര്‍ദേശിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം