Wed. Jan 22nd, 2025

ബെംഗളൂരു: സിദ്ധരാമയ്യ മന്ത്രിസഭയിലേക്ക് 24 എംഎല്‍എമാര്‍ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇതോടെ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 34 ആകും. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഉള്‍പ്പെടെ 10 പേര്‍ മെയ് 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ഓള്‍ഡ് മൈസൂരു, കല്യാണ കര്‍ണാടക മേഖലകളില്‍ നിന്ന് ഏഴ് വീതം മന്ത്രിമാരും കിറ്റൂര്‍ കര്‍ണാടക മേഖലയില്‍ നിന്ന് ആറ് പേരും മധ്യ കര്‍ണാടകയില്‍ നിന്ന് രണ്ട് പേരുമുണ്ട്. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലക്ഷ്മി ഹെബ്ബാള്‍ക്കറിന് മാത്രമാണ് വനിതകളില്‍ നിന്ന് ഇത്തവണ മന്ത്രി സ്ഥാനം ലഭിച്ചത്. വകുപ്പുകള്‍ ശനിയാഴ്ച വൈകുന്നേരത്തോടെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന മന്ത്രി കെ എച്ച് മുനിയപ്പ അറിയിച്ചു. പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തുന്നതിന്റെ ഭാഗമായി സിദ്ധരാമയ്യയും ശിവകുമാറും കഴിഞ്ഞ മൂന്ന് ദിവസമായി ഡല്‍ഹിയിലാണ്. സിദ്ധരാമയ്യയും ശിവകുമാറും എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെസി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല എന്നിവരുള്‍പ്പെടെയുള്ള ഉന്നത കേന്ദ്ര നേതാക്കള്‍ തമ്മില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് 24 എംഎല്‍എമാരുടെ പേരുകള്‍ തീരുമാനിച്ചത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം