Mon. Dec 23rd, 2024

ചെന്നൈ: ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച നടന്‍ കമല്‍ ഹാസനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. സിനിമയില്‍ പ്രായപൂര്‍ത്തിയാകാത്ത നടിയെ അനുവാദമില്ലാതെ ചുംബിച്ചത് ചൂണ്ടിക്കാട്ടിയാണ് നടനെതിരെ ഒരുവിഭാഗം രംഗത്തെത്തിയിരിക്കുന്നത്. നടിയുടെ പഴയ അഭിമുഖം ചൂണ്ടിക്കാട്ടി പോക്‌സോ കേസെടുക്കണമെന്നാണ് വിമര്‍ശകര്‍ ആവശ്യപ്പെടുന്നത്. 1986 ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത പുന്നകൈ മന്നന്‍ എന്ന ചിത്രത്തിലെ ഗാനരംഗത്താണ് നടി രേഖയെ ചുംബിച്ചത്. അന്ന് 16 വയസുമാത്രം പ്രായമുണ്ടായിരുന്ന രേഖ പിന്നീട് ഇതിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘ചുംബനരംഗത്തെ കുറിച്ച് എനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു. കാരണം അന്ന് എനിക്ക് 16 വയസായിരുന്നു. തുടക്കത്തില്‍ കമല്‍ ഹാസനോ സംവിധായകന്‍ കെ. ബാലചന്ദറോ ഇതിനെ കുറിച്ച് എന്നോട് പറഞ്ഞിരുന്നില്ല. ഈ രംഗംത്തിന് ശേഷം ഞാന്‍ അസ്വസ്ഥയായിരുന്നു’ എന്നായിരുന്നു രേഖ തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. കമലിനെതിരെ ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്‍മയി ശ്രീപദയും രംഗത്തെത്തിയിട്ടുണ്ട്. ഒരു പീഡകന്റെ പേര് വെളിപ്പെടുത്തിയതിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ഒരു ഗായിക്ക് കഴിഞ്ഞ അഞ്ചുവര്‍ഷമായി നേരിട്ടുകൊണ്ടിരിക്കുന്ന വിലക്കിനെതിരെ നടന്‍ ശബ്ദിച്ചിട്ടില്ലെന്നാണ് ചിന്‍മയിയുടെ വിമര്‍ശനം. ചിന്‍മയി ശ്രീപദയെ പിന്തുണച്ചും കമല്‍ഹാസനെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം