Tue. May 7th, 2024

കൊല്ലങ്കോട്: പറത്തോട് ആദിവാസി കോളനിയിലെ തീപ്പിടിത്തത്തില്‍ കിടപ്പാടമില്ലാതായത് ആറ് കുടുംബങ്ങളിലെ 22ലധികം അംഗങ്ങള്‍ക്കാണ്. വ്യാഴാഴ്ച വൈകിട്ടോടെയുണ്ടായ തീപ്പിടിത്തത്തില്‍ മൂന്ന് കുടിലുകളാണ് കത്തിയമര്‍ന്നത്. ഭക്ഷണം പാകം ചെയ്യുന്നതിനിടെ കാശുമണി, തത്ത എന്നിവരുടെ കുടുംബങ്ങള്‍ താമസിക്കുന്ന കുടിലിലാണ് ആദ്യം തീപിടിച്ചത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് സമീപത്തെ ശെല്‍വന്റെ കുടിലിലേക്കും തുടര്‍ന്ന് കുപ്പായിയുടെ ഓലക്കുടിലിലേക്കും തീ പടര്‍ന്നു. അഗ്‌നിശമന സേനയെത്തി ഒരു മണിക്കൂറിലധികം പരിശ്രമിച്ചാണ് തീയണച്ചത്.ഇതിനകം കാശുമണിയുടെയും ശെല്‍വന്റെയും കുടില്‍ പൂര്‍ണമായി കത്തിയിരുന്നു. കോളനിവാസികളുടെ സമയോചിത ഇടപെടലില്‍ തീ കൂടുതല്‍ വീടുകളിലേക്ക് പടരുന്നത് തടയാനായി. അതേസമയം, സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ ശേഷിക്കേയുണ്ടായ അഗ്‌നിബാധ കൂലിത്തൊഴിലാളികളായ ആദിവാസി കുടുംബത്തെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. തീപ്പിടിത്തത്തില്‍ കാശുമണിയുടെ മക്കളായ രമ്യ, രഞ്ജിത്, തത്തയുടെ മകന്‍ അജിത് എന്നിവരുടെ പുതിയ പാഠപുസ്തകങ്ങളും ബാഗും പഠനോപകരങ്ങളും പൂര്‍ണമായി കത്തിനശിച്ചു. വിവിധ തിരിച്ചറിയല്‍ രേഖകള്‍, വീട്ടുപകരണങ്ങള്‍ എന്നിവയെല്ലാം കത്തിനശിച്ചതായി കോളനിവാസികള്‍ പറഞ്ഞു. കെ ബാബു എംഎല്‍എ, കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ സത്യപാല്‍ എന്നിവര്‍ കോളനി സന്ദര്‍ശിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം