ഡല്‍ഹി: ലുലു ഗ്രൂപ്പിനും ചെയര്‍മാന്‍ എം എ യൂസഫലിക്കുമെതിരെ ‘മറുനാടന്‍ മലയാളി’ ഓണ്‍ലൈന്‍ ചാനല്‍ നല്‍കിയിരിക്കുന്ന അപകീര്‍ത്തികരമായ വാര്‍ത്തകളും വീഡിയോകളും ഉടന്‍ നീക്കം ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതി. അപകീര്‍ത്തികരമായ വീഡിയോകള്‍ പിന്‍വലിച്ചില്ലെങ്കില്‍ മറുനാടന്‍ ചാനല്‍ പൂട്ടാനാണ് കോടതിയുടെ ഉത്തരവ്. മറുനാടന്‍ മലയാളിയ്ക്കും സ്ഥാപകനായ ഷാജന്‍ സ്‌കറിയയ്ക്കുമെതിരായ ലുലു ഗ്രൂപ്പിന്റെ അപകീര്‍ത്തിക്കേസിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടല്‍. ഉത്തരവ് പാലിക്കാന്‍ ‘മറുനാടന്‍ മലയാളി’ തയാറായില്ലെങ്കില്‍ യൂട്യൂബ് ചാനല്‍ സസ്പെന്‍ഡ് ചെയ്യുകയും അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുകയും വേണമെന്ന് യൂട്യൂബിനും ഗൂഗിളിനും നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. ഭരണഘടന പൗരന് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം സാജന്‍ ദുരുപയോഗം ചെയ്യുന്നതായി ഡല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ഡല്‍ഹി ഹൈക്കോടതിക്ക് യൂസഫലിയുടെ ഹര്‍ജി പരിഗണിക്കാന്‍ നിയമപരമായ അവകാശമില്ലെന്നായിരുന്നു ഷാജന്‍ സ്‌കറിയയുടെ വാദം. ഈ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ചന്ദ്രധാരി സിങ് ഷാജനെതിരെ രൂക്ഷവിമര്‍ശനവുമായി ഉത്തരവിറക്കിയത്.