തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വായ്പാ പരിധി വെട്ടിച്ചുരുക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ വ്യക്തത തേടി കേന്ദ്ര സര്‍ക്കാരിന് കത്തയക്കും. എന്ത് കാരണം കൊണ്ടാണ് വായ്പാ പരിധി വെട്ടിക്കുറച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കാത്തതിനെ തുടര്‍ന്നാണ് കത്തയക്കാന്‍ തീരുമാനിച്ചത്. ഇതറിയാന്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി കേന്ദ്ര ധനമന്ത്രാലയത്തെ ബന്ധപ്പെട്ടു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത തേടി മുഖ്യമന്ത്രി പിണറായി വിജയനോ ധനമന്ത്രി കെ എന്‍ ബാലഗോപാലോ കേന്ദ്ര ധനമന്ത്രിക്ക് കത്തയക്കുമെന്നാണ് വിവരം. ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് എടുക്കാവുന്ന വായ്പയാണ് കേന്ദ്ര സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയത്. 32440 കോടി രൂപ വായ്പ പരിധി നിശ്ചയിച്ച് നല്‍കിയിരുന്നെങ്കിലും 15390 കോടി രൂപക്ക് മാത്രമാണ് അനുമതിയുള്ളത്. വായ്പാ പരിധി ഇനിയും ചുരുക്കുമോയെന്ന ആശങ്കയും ഉയര്‍ന്നു വരുന്നുണ്ട്.