Fri. Nov 22nd, 2024

ഇടുക്കി: പെരിയാര്‍ കടുവ സങ്കേതത്തില്‍ വിട്ട അരിക്കൊമ്പന്‍ കമ്പം ടൗണില്‍ എത്തി. ഇന്ന് രാവിലെയോടെയാണ് കമ്പത്തെ ജനവാസ മേഖലയില്‍ എത്തിയത്. ടൗണിലെത്തിയതോടെ ജനം പരിഭ്രാന്തിയിലാണ്. ഇതേ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ടൗണിലെത്തിയ ആന റോഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകള്‍ തകര്‍ത്തു. ലോവര്‍ ക്യാമ്പില്‍ നിന്നും വനാതിര്‍ത്തിയിലൂടെ ഇവിടെ എത്തിയെന്നാണ് നിഗമനം. ഇന്നലെ രാത്രി തമിഴ്‌നാട്ടിലെ ലോവര്‍ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് അരിക്കൊമ്പനുണ്ടായിരുന്നത്. ഇന്ന് രാവിലെ അരിക്കൊമ്പന്റെ സിഗ്‌നല്‍ നഷ്ടമായതോടെ വനം വകുപ്പ് നടത്തിയ തിരച്ചിലിലാണ് ആന കമ്പത്ത് ജനവാസ മേഖലയില്‍ എത്തിയെന്ന് വ്യക്തമായത്. ഇപ്പോള്‍ അരിക്കൊമ്പനുള്ള ചിന്നക്കനാല്‍ ദിശയിലാണ്. കമ്പത്ത് നിന്ന് ബോഡിമേട്ടിലേക്ക് പോയാല്‍ ആനയ്ക്ക് ചിന്നക്കനാലിലേക്ക് പോകാനാവും. ഇന്നലെ കുമളിയില്‍ നിന്നും പന്ത്രണ്ട് കിലോമീറ്ററോളം അകലെയായിരുന്നു ഉണ്ടായിരുന്നത്. തമിഴ്‌നാട്ടിലെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം