Sun. Dec 22nd, 2024

ഇടുക്കി: കള്ളക്കേസില്‍ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസി യുവാവിന്റെ ആത്മഹത്യാ ഭീഷണി. കണ്ണംപടി മുല്ല പുത്തന്‍പുരയ്ക്കല്‍ സരുണ്‍ സജി(24) ആണ് കിഴുകാനം ഫോറസ്റ്റ് ഓഫിസിനു മുന്‍പിലെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. കാട്ടിറച്ചിയുമായി പിടികൂടിയെന്നായിരുന്നു സരുണ്‍ സജിക്കെതിരെയുള്ള വനംവകുപ്പിന്റെ കള്ളക്കേസ്. സരുണ്‍ സജിയെ കള്ളക്കേസില്‍ കുടുക്കിയ മുഴുവന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും സസ്‌പെന്‍ഷന്‍ കഴിഞ്ഞ ദിവസങ്ങളിലായി പിന്‍വലിച്ചിരുന്നു. കള്ളക്കേസ് എടുത്ത ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഇത്രയധികം തെളിവുകള്‍ ഉണ്ടായിട്ടും അവരെ അറസ്റ്റു ചെയ്യുന്നത് പൊലീസ് വൈകിപ്പിക്കുകയാണെന്നാണ് സരുണിന്റെ ആരോപണം.

2022 സെപ്റ്റംബര്‍ 20ന് ആണ് കിഴുകാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തില്‍ സരുണ്‍ സജിക്കെതിരെ കള്ളക്കേസ് എടുത്തത്. 10 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞശേഷം പുറത്തിറങ്ങിയപ്പോഴാണ് ബസില്‍ യാത്ര ചെയ്യുന്നതിനിടെ തന്നെ വിളിച്ചുവരുത്തി അറസ്റ്റു ചെയ്യുകയായിരുന്നെന്ന് യുവാവ് നാട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് നടത്തിയ സമരങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും ഭാഗമായി നടന്ന അന്വേഷണത്തില്‍ അത് കള്ളക്കേസാണെന്ന് വനംവകുപ്പിലെ മേലുദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതിന്റെ തുടര്‍ച്ചയായി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ അടക്കം 7 ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡു ചെയ്തിരുന്നു. ഇവരെയാണ് ഇപ്പോള്‍ വീണ്ടും തിരിച്ചെടുത്തിരിക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം