ഡല്‍ഹി: പുതിയ ജയില്‍ നിയമങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 130 വര്‍ഷം പഴക്കമുള്ള ജയില്‍ നിയമങ്ങള്‍ക്ക് പകരമായാണ് പുതിയ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. പരോളിലുള്ള കുറ്റവാളികള്‍ക്കായി ഇലക്ട്രോണിക് ട്രാക്കിങ് സിസ്റ്റം, ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്കായി പ്രത്യേക സെല്‍ തുടങ്ങിയ പരിഷ്‌കാരങ്ങളാണ് വരുത്തിയിരിക്കുന്നത്. നിര്‍ദേശങ്ങള്‍ കൂടുതല്‍ പരിശോധനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. രാജ്യത്തെ ചില പ്രമുഖ ജയിലുകളില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുകയും ചിലര്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നിയമങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. 1894-ലെ ജയില്‍ നിയമം, 1900 പ്രിസണേഴ്‌സ് ആക്റ്റ് എന്നിവ പ്രകാരമാണ് നിലവില്‍ ജയിലില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഈ രണ്ട് നിയമങ്ങളും പുതുക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത് അയച്ചിട്ടുണ്ട്.