Sat. Jan 18th, 2025

കാന്‍ബെറ: 2002-ലെ ഗുജറാത്ത് കലാപത്തിലെ നരേന്ദ്ര മോദിയുടെ പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസിയുടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍’ എന്ന ഡോക്യുമെന്ററി ഓസ്‌ട്രേലിയയിലെ പാര്‍ലമെന്റ് ഹൗസില്‍ പ്രദര്‍ശിപ്പിച്ചു. അതേസമയം, കഴിഞ്ഞ ദിവസം ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീരമായ വരവേല്‍പ്പായിരുന്നു നല്‍കിയിരുന്നത്. പാര്‍ലമെന്റ് പ്രതിനിധികളും മുനഷ്യാവകാശ പ്രവര്‍ത്തകരും ചേര്‍ന്നാണ് പ്രദര്‍ശനം നടത്തിയത്. 40 മിനിറ്റോളം നീണ്ട ഡോക്യുമെന്ററി പ്രദര്‍ശനത്തിന് പിന്നാലെ ഡോക്യുമെന്ററിയെക്കുറിച്ചുള്ള ചര്‍ച്ചയും പാര്‍ലമെന്റ് ഹൗസില്‍ നടന്നു. ഓസ്‌ടേലിയയിലെ രാഷ്ട്രീയ പാര്‍ട്ടിയായ ഓസ്‌ട്രേലിയന്‍ ഗ്രീന്‍സിന്റെ സെനറ്റര്‍ ജോര്‍ദന്‍ സ്റ്റീലെ ജോണ്‍, ഡേവിഡ് ഷൂബ്രിഡ്ജ് എന്നിരും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിന്റെ മകള്‍ ആകാശി ഭട്ട് എന്നിവരടക്കമുള്ളവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ഇന്ത്യയില്‍ സത്യം പറയുന്നത് കുറ്റമാണെന്നും നിലവിലെ ഭരണത്തിന് കീഴില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്നതെന്താണ് എന്നതിന്റെ ചെറിയ ചിത്രമാണ് ഡോക്യുമെന്ററി മുന്നോട്ട് വയ്ക്കുന്നതെന്നും സെനറ്റര്‍ ഡേവിഡ് ഷൂ ബ്രിഡ്ജ് പ്രതികരിച്ചു. ഓസ്‌ട്രേലിയയിലുള്ള ഇന്ത്യന്‍ വംശജര്‍ ഇതിനെക്കുറിച്ച് തുറന്ന് സംസാരിക്കാത്തത് ബന്ധുക്കളുടെ സുരക്ഷയെ കരുതിയാണെന്ന് സെനറ്റര്‍ ഡേവിഡ് പ്രദര്‍ശനത്തിന് ശേഷം പ്രതികരിച്ചു. പ്രധാനമന്ത്രിയോട് ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളേക്കുറിച്ച് സംസാരിക്കാന്‍ ഓസ്‌ട്രേലിയന്‍ പ്രാധാനമന്ത്രി ശ്രമിച്ചില്ലെന്നായിരുന്നു സെനറ്റര്‍ ജോര്‍ദന്റെ പ്രതികരണം. അതേസമയം നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം ദൃഢമാക്കിയെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം