Wed. Jan 22nd, 2025

ജയ്പൂര്‍: രാജസ്ഥാനില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ആല്‍വാര്‍ ആള്‍ക്കൂട്ടക്കൊല കേസിലെ നാല് പ്രതികള്‍ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഏഴ് വര്‍ഷത്തെ തടവ് ശിക്ഷയാണ് ആല്‍വാര്‍ കോടതി വിധിച്ചിരിക്കുന്നത്. അതേസമയം, കേസിലെ മുഖ്യപ്രതിയും വിശ്വഹിന്ദു പരിഷത്ത് അംഗവുമായ നവാല്‍ കിഷോര്‍ ശര്‍മയെ കോടതി വെറുതെ വിട്ടു. 2018 ലാണ് പശുക്കടത്ത് ആരോപിച്ച് രാംഗഢില്‍ വെച്ച് റക്ബര്‍ ഖാനെയും സുഹൃത്ത് അസ്ലമിനെയും ആള്‍ക്കൂട്ടം ആക്രമിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ റക്ബര്‍ ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. നരേഷ് ശര്‍മ്മ, വിജയ് കുമാര്‍, ധര്‍മേന്ദ്ര യാദവ്, പരംജിത് എന്നിവരുള്‍പ്പടെ നാല് പ്രതികളെയാണ് പോലീസ് ആദ്യം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സംഭവത്തില്‍ തുടക്കം മുതല്‍ തന്നെ നവാല്‍ കിഷോറിനെതിരെ ആരോപണവുമായി റക്ബറിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. അതേസമയം, സംഭവം നടന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നവാല്‍ കിഷോര്‍ ശര്‍മ്മ അറസ്റ്റിലാവുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം