Sat. Dec 28th, 2024

വാഷിങ്ടണ്‍: വൈറ്റ് ഹൗസിന് സമീപമുള്ള സുരക്ഷാബാരിക്കേഡിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി ഇന്ത്യന്‍ വംശജന്‍. സംഭവത്തില്‍ മിസോറി ചെസ്റ്റര്‍ഫീല്‍ഡില്‍ താമസിക്കുന്ന സായ് വര്‍ഷിത് കാണ്ടുലയെ (19) പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് ലഫായെറ്റ് സ്‌ക്വയറിന്റെ വടക്ക് വശത്തുള്ള സുരക്ഷാ ബാരിക്കേഡില്‍ ട്രക്ക് ഇടിച്ചു കയറ്റിയത്. വാഹനം മനപൂര്‍വം ഇടിച്ചുകയറ്റിയതാണെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കല്ലെന്നും യുഎസ് സീക്രട്ട് സര്‍വിസ് വക്താവ് ആന്റണി ഗുഗ്ലിയല്‍മി പറഞ്ഞു. ഇയാൾ പ്രസിഡൻ്റ് ജോ ബൈഡനും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനും എതിരെ വധഭീഷണി മുഴക്കിയതായും ആരോപണമുണ്ട്. യുവാവിന്റെ വണ്ടിയില്‍ നിന്ന് സ്വസ്തിക ചിഹ്നം പതിച്ച പതാക കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ചുവപ്പും വെള്ളയും കറുപ്പും കലര്‍ന്നതാണ് പതാക. വൈറ്റ് ഹൗസ് ഗേറ്റില്‍ നിന്ന് അല്‍പം അകലെയായിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് റോഡും നടപ്പാതയും അടക്കുകയും സമീപത്തുള്ള ഹേ-ആഡംസ് ഹോട്ടല്‍ ഒഴിപ്പിക്കുകയും ചെയ്തു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം