Sat. Oct 5th, 2024

ഇടുക്കി: ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ സസ്‌പെന്‍ഷനിലായിരുന്നു ആറ് ഉദ്യോഗസ്ഥരെയും തിരികെ സര്‍വീസിലെടുത്തു. ഇതുമായി ബന്ധപ്പെട്ട് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അരുണ്‍ ആര്‍ എസാണ് ഉത്തരവിറക്കിയത്. ആറ് ഉദ്യോഗസ്ഥരെ കൂടി തിരിച്ചെടുത്തതോടെ ഉപ്പുതറ കണ്ണംപടി സ്വദേശി സരുണ്‍ സജിയെ കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയില്‍ മര്‍ദ്ദിച്ചെന്ന പരാതിയില്‍ നടപടി നേരിട്ട മുഴുവന്‍ ഉദ്യോഗസ്ഥരും സര്‍വീസില്‍ തിരികെ പ്രവേശിച്ചിരിക്കുകയാണ്. കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പാണ് കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തത്. ഇതേ കേസില്‍ സസ്‌പെന്‍ഷന്‍ നേരിട്ട മുന്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡനെ കുറച്ച് ദിവസം മുന്‍പ് സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു. ഇയാളടക്കം ആകെ ഏഴ് പേരാണ് സസ്‌പെന്‍ഷന്‍ നടപടി നേരിട്ടത്. ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വില്‍പന നടത്തി എന്നാരോപിച്ച് കഴിഞ്ഞ സെപ്റ്റംബര്‍ 20നാണ് സരുണ്‍ സജിയെ കിഴുക്കാനം ഫോറസ്റ്റര്‍ അനില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അനില്‍ കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍ ആര്‍ ഷിജിരാജ്, വി സി ലെനിന്‍, ഡ്രൈവര്‍ ജിമ്മി ജോസഫ് വാച്ചര്‍മാരായ കെ ടി ജയകുമാര്‍, കെ എന്‍ മോഹനന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം