Mon. Dec 23rd, 2024

ഡല്‍ഹി: സമരം ശക്തമാക്കാനൊരുങ്ങി ഡല്‍ഹി ജന്തര്‍മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍. ഉദ്ഘാടന ദിനം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് സ്ത്രീകളെ അണി നിരത്തിയുള്ള സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് താരങ്ങള്‍. ഞായറാഴ്ച പാര്‍ലമെന്റിന് പുറത്ത് മഹിളാ മഹാ പഞ്ചായത്ത് കൂടിചേരാനാണ് തീരുമാനം. ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ പതിനഞ്ച് ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു താരങ്ങളുടെ ആവശ്യം. നല്‍കിയ സമയം ഞായറാഴ്ചയോടെ അവസാനിച്ചിട്ടും ബ്രിജ്ഭൂഷണെതിരെ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഗുസ്തി താരങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. അനുവദിച്ച സമയത്തിനുള്ളില്‍ നടപടിയുണ്ടായില്ലെങ്കില്‍ സമരത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് താരങ്ങള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹരിയാനയില്‍ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് താരങ്ങളുടെ തീരുമാനം. മെയ് 28-നാണ് പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം