Fri. Nov 22nd, 2024

ഡല്‍ഹി: 2000-ത്തിന്റെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ വരുന്നവര്‍ക്ക് ബാങ്കുകള്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കൗണ്ടറുകളിലുടനീളം നോട്ടുകള്‍ മാറാന്‍ സാധാരണ നിലയില്‍ ജനങ്ങളെ അനുവദിക്കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. നോട്ട് മാറാന്‍ വരുന്നവര്‍ക്ക് കാത്തിരിപ്പ് സ്ഥലവും വേനല്‍ക്കാലം കണക്കിലെടുത്ത് കുടിവെള്ള സൗകര്യവും ഒരുക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരോ ദിവസവും മാറി നല്‍കുന്ന 2000 രൂപയുടെ കണക്കുകള്‍ ബാങ്കുകള്‍ പ്രത്യേകം സൂക്ഷിക്കണം. പിന്നീട് ആവശ്യപ്പെടുന്ന ഘട്ടത്തില്‍ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും ആര്‍ബിഐ നിര്‍ദേശിച്ചു. അതേസമയം രണ്ടായിരത്തിന്റെ നോട്ട് നിരോധിച്ചത് നോട്ട് ക്രമീകരണ നടപടിയുടെ ഭാഗമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നോട്ട് മാറ്റിയെടുക്കാന്‍ തിരക്ക് കൂട്ടേണ്ട ആവശ്യമില്ല. സെപ്റ്റംബര്‍ 30 വരെ മാറ്റിയെടുക്കാമെന്നും ഇനിയും നാല് മാസം സമയമുണ്ടെന്നും ശക്തികാന്തദാസ് പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം