Sat. Oct 5th, 2024

കൊച്ചി: അണ്ടര്‍ 17 കേരള ബ്ലാസ്റ്റേഴ്‌സ് ടീം സെലക്ഷന്‍ ട്രയല്‍ തടഞ്ഞ് പി വി ശ്രീനിജന്‍ എംഎല്‍എ. വാടക നല്‍കാത്തതിനാല്‍ ഗ്രൗണ്ട് തുറന്നു നല്‍കാനാവില്ല എന്നായിരുന്നു ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറികൂടിയായ എംഎല്‍എയുടെ നിലപാട്. പനമ്പള്ളി നഗര്‍ സ്‌കൂളിന്റെ ഗേറ്റാണ് പൂട്ടിയത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ലഭിക്കേണ്ട വാടക ലഭിക്കാത്തതുകൊണ്ടാണ് ഗേറ്റ് പൂട്ടിയതെന്ന് എംഎല്‍എ പറഞ്ഞു. കഴിഞ്ഞ എട്ടുമാസത്തെ വാടകയായ 8 ലക്ഷം രൂപ കുടിശ്ശികയുണ്ടെന്നും എംഎല്‍എ പറഞ്ഞു. വാടക കുടിശ്ശിക തീര്‍ക്കണം എന്നാവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്‌സിന് കത്ത് അയച്ചിരുന്നുവെന്നും പ്രതികരണം ഉണ്ടായില്ലെന്നും എംഎല്‍എ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ മാസം വരെയുള്ള വാടക കേരളാ ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഒടുക്കിയിട്ടുണ്ടെന്നും കുടിശ്ശിക ഇല്ലെന്ന്് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി പറഞ്ഞു. ബ്ലാസ്റ്റേഴ്‌സുമായി ഒരു വര്‍ഷത്തെ കരാറാണുള്ളതെന്നും കരാര്‍ കാലയളവില്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നതിനോ മറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനോ മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ലെന്നും ഷറഫലി പറഞ്ഞു. മണിക്കൂറുകളോളം പുറത്ത് നിര്‍ത്തിയതിന് ശേഷം മന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന് സ്‌കൂളിന്റെ പ്രധാന ഗേറ്റിലൂടെയാണ് കുട്ടികളെ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിച്ചത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം