ഇംഫാല്‍: മണിപ്പൂര്‍ കലാപത്തില്‍ 121 ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ട്. കലാപം ഏറ്റവും രൂക്ഷമായി ബാധിച്ച ചുരാചന്ദ്പൂര്‍ ജില്ലയിലെ ക്രിസ്ത്യന്‍ ഗുഡ് വില്‍ ചര്‍ച്ചാണ് പള്ളികളുടെ പട്ടിക പുറത്തുവിട്ടത്. തീവെയ്ക്കുകയോ തകര്‍ക്കപ്പെടുകയോ ചെയ്ത പള്ളികളുടെ പട്ടികയാണ് പുറത്തു വന്നിരിക്കുന്നത്. മണിപ്പൂര്‍ പ്രെസ്ബിറ്റേറിയന്‍ ചര്‍ച്ചിന് കീഴില്‍ 39 പള്ളികള്‍ തകര്‍ക്കപ്പെട്ടതായി ക്രിസ്ത്യന്‍ ഗുഡ് വില്‍ ചര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവാഞ്ചലിക്കല്‍ ചര്‍ച്ചസ് അസോസിയേഷന്റെയും മണിപ്പൂര്‍ പ്രെസ്ബിറ്റേറിയന്‍ ചര്‍ച്ച് സിനഡിന്റെയും 14 വീതം പള്ളികള്‍ തകര്‍ന്നു. തുയ്തഫായി പ്രെസ്ബിറ്റേറിയന്‍ ചര്‍ച്ച് മണിപ്പൂര്‍ സിനഡിന് കീഴിലെ 13 പള്ളികള്‍ മേയ് നാലിന് തകര്‍ത്തു. അതേദിവസം തന്നെ ഇവാഞ്ചലിക്കല്‍ ഫ്രീ ചര്‍ച്ച് ഓഫ് ഇന്ത്യയ്ക്ക് കീഴിലെ ഒമ്പത് പള്ളികളും തകര്‍ത്തു. ഇന്‍ഡിപെന്‍ഡന്റ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ എട്ട് പള്ളികള്‍ കത്തിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നാല് ദിവസത്തോളം നീണ്ടു നിന്ന കലാപത്തില്‍ 70 തോളം പേര്‍ കൊല്ലപ്പെടുകയും 250ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഔദ്യോഗിക കണക്ക് പ്രകാരം 30,000ഓളം ജനങ്ങള്‍ക്ക് പലായനം ചെയ്യേണ്ടിവന്നു.