തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ ലഭിക്കുമെങ്കിലും ചൂടിന് ശമനമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയും തുടരും. ഇന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും കിഴക്കന്‍ മേഖലകളില്‍ അടക്കം ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേമയം, കാലവര്‍ഷം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളിലും കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് കേരളത്തിലും വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് സൂചന. മെയ് 21 മുതല്‍ 25 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.