Sun. Dec 22nd, 2024

തിരുവനന്തപുരം: നഗരത്തിലെ അജൈവ മാലിന്യ സംസ്‌കരണം ഇഷ്ടക്കാര്‍ക്ക് നല്‍കാനുള്ള നീക്കത്തില്‍ വന്‍ തട്ടിപ്പും അഴിമതിയും നടന്നതായി റിപ്പോര്‍ട്ട്. ഹരിത കര്‍മ സേനയെയും ക്ലീന്‍ കേരള കമ്പനിയെയും നോക്കുകുത്തിയാക്കി കൊണ്ടാണ് തട്ടിപ്പെന്നാണ് ആക്ഷേപം. തലസ്ഥാനത്തെ ഒരു പ്രമുഖ സിനിമ നടനും കോര്‍പറേഷനിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടന്ന ടെന്‍ഡര്‍ നടപടികള്‍ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വോം ഇക്കോ സൊലൂഷ്യന്‍സ് കോര്‍പറേഷന്‍ സെക്രട്ടറിക്ക് പരാതി നല്‍കി. നഗരത്തിലെ അജൈവ മാലിന്യ സംസ്‌കരണം ക്ലീന്‍ കേരള കമ്പനിയെക്കൊണ്ട് മാത്രം നടക്കുന്നില്ലെന്ന് കാണിച്ചാണ് 2021 ജൂലൈ അഞ്ചിന് കോര്‍പറേഷന്‍ താല്‍പര്യപത്രം ക്ഷണിച്ചത്. സി ആന്‍ഡ് സി എന്‍ജിനിയേഴ്‌സ്, ഗ്രീന്‍ വോം എക്കോ സൊല്യൂഷന്‍സ്, സണ്‍ഏജ് എക്കോ സിസ്റ്റം തുടങ്ങിയ കമ്പനികളാണ് താല്‍പര്യമറിയിച്ച് കോര്‍പറേഷന് കത്ത് നല്‍കിയത്. ഇതില്‍ കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വോം എക്കോ സൊല്യൂഷന്‍സ് തങ്ങള്‍ക്ക് മാലിന്യം മാത്രം നല്‍കിയാല്‍ മതിയെന്നും മറ്റ് യാതൊരു ചെലവും കോര്‍പറേഷന്‍ വഹിക്കേണ്ടതില്ലെന്നും അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച പ്രോജക്ടും കോര്‍പറേഷന് നല്‍കിയെങ്കിലും ഭരണസമിതി യാതൊരു പരിശോധയും കൂടാതെ തള്ളുകയായിരുന്നുവെന്നാണ് പരാതി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം