Fri. Nov 22nd, 2024

ബെംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേത്യത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് സത്യപ്രതിജ്ഞ. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗലോട്ട് മുഖ്യമന്ത്രിക്കും സഹമന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. സിദ്ധരാമയ്യക്കും ഡി കെ ശിവകുമാറിനൊപ്പം എട്ട് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. ഇന്നലെ ഹൈക്കമാന്‍ഡുമായി നടന്ന ചര്‍ച്ചയിലാണ് ഈ എട്ട് മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമധാരണയായത്. സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ ആദ്യ മന്ത്രിസഭായോഗവും ചേരും. കോണ്‍ഗ്രസിന്റെ അഞ്ചിന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിനായി അവ അംഗീകരിച്ച് ഉത്തരവിറക്കി മന്ത്രിസഭായോഗം പിരിയും. യുപിഎ അധ്യക്ഷ സോണിയാഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി തുടങ്ങി കോണ്‍ഗ്രസിന്റെ ഏതാണ്ട് മുഴുവന്‍ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. ബിജെപി വിരുദ്ധ ചേരിയിലെ പാര്‍ട്ടി നേതാക്കള്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം