Sun. Dec 22nd, 2024

ഇടുക്കി: ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെതിരെ വനംവകുപ്പ് കള്ളക്കേസ് എടുത്ത സംഭവത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന മുന്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡനെ സര്‍വീസില്‍ തിരിച്ചെടുത്തു. വനംവകുപ്പ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബി രുഹുലിന്റെ സസ്‌പെന്‍ഷനാണ് നീക്കിയത്. സരുണ്‍ സജിയുടെ പരാതിയില്‍ ഉപ്പുതറ പൊലീസ് എടുത്ത കേസിലെ പ്രതിയാണ് രാഹുല്‍. കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്‍പാണ് നടപടി. കള്ളക്കേസ് എടുത്തതില്‍ രാഹുലിനും പങ്കുണ്ടെന്ന് വനം വകുപ്പ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. 2022 സെപ്റ്റംബര്‍ 20 നാണ് സംഭവം നടക്കുന്നത്. കണ്ണംപടിയില്‍ വച്ച് ആദിവാസി യുവാവിന്റെ ഓട്ടോ വനം വകുപ്പ് തടഞ്ഞു നിര്‍ത്തുകയും അതില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ ഇറച്ചി വെച്ചതിനുശേഷം കാട്ടിറച്ചി കടത്താന്‍ ശ്രമിച്ചു എന്ന പേരില്‍ യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പത്ത് ദിവസത്തേക്ക് യുവാവിനെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. പിന്നീട് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വനം വകുപ്പ് തന്നെ ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഈ സംഘം നടത്തിയ അന്വേഷണത്തില്‍ ഇത് കള്ളക്കേസാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം