ഡല്‍ഹി: ജെല്ലിക്കെട്ടിന് അനുമതി നല്‍കി സുപ്രീം കോടതി. ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമത്തില്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ വിധി. ഭരണഘടനയുടെ അനുച്ഛേദം 29 പ്രകാരം സാംസ്‌കാരിക അവകാശമായി പരിഗണിക്കാന്‍ കഴിയുമോ എന്ന ചോദ്യമാണ് കോടതി ഇക്കാര്യത്തില്‍ പ്രധാനമായും പരിഗണിച്ചത്. 2014-ല്‍ ജെല്ലിക്കെട്ട് നിരോധിച്ച് കൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് മറികടക്കാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്.