ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ഡി കെ ശിവ കുമാര്‍ ഏക ഉപമുഖ്യമന്ത്രിയാകും. മെയ് 20 ന് 12.30 ന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍ ഉള്‍പ്പെടെ കുറച്ച് പേര്‍മാത്രമാകും ശനിയാഴ്ചയിലെ ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്യുക. ഇത് രണ്ടാം തവണയാണ് സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് വരെ ഡി കെ ശിവകുമാര്‍ പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരും. അതേസമയം, മുഖ്യമന്ത്രി പദം പരസ്പരം പങ്കിടില്ലെന്ന് പരസ്യമായി പ്രഖ്യപിച്ചിട്ടില്ല. ഡി കെ ശിവകുമാര്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പം നിന്നുവെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.