Wed. Jan 22nd, 2025

ഡല്‍ഹി: ജെല്ലിക്കെട്ട് നിരോധനത്തെ മറികടക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയ നിയമത്തിനെതിരെ സുപ്രീംകോടതി ഇന്ന് വിധി പറയും. ജെല്ലിക്കെട്ട് മത്സരങ്ങള്‍ക്ക് അനുവാദം നല്‍കുന്ന തമിഴ്‌നാട്, മഹാരാഷ്ട്ര സര്‍ക്കാരുകളുടെ നിയമ ഭേദഗതിക്കെതിരെ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളിലാണ് വിധി പറയുക. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറയുക. മൃഗങ്ങളോടുള്ള ക്രൂരത നിയന്ത്രിക്കുന്ന നിയമത്തിന്റെ ഭാഗമായാണ് 2014-ല്‍ സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചത്. മലയാളിയായ ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചാണ് ജെല്ലിക്കെട്ട് നിരോധിച്ചത്. 2017 ലെ ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജെല്ലിക്കെട്ടിന് നിയമസാധുത നല്‍കി. ഇതിനെതിരെ മൃഗസ്‌നേഹികളുടെ സംഘടന നേരിട്ട് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണ് ജെല്ലിക്കെട്ട്. അതുകൊണ്ട് തന്നെ ഭരണഘടയുടെ അനുച്ഛേദം 29(1) അനുസരിച്ച് ജെല്ലിക്കെട്ട് സംരക്ഷിക്കപ്പെട്ടതാണെന്നും ഭേദഗതിയില്‍ പറയുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹര്‍ജികള്‍. കഴിഞ്ഞ ഡിസംബറില്‍ വിധി പറയാന്‍ മാറ്റിയ ഹര്‍ജിയിലാണ് ഇന്ന് വിധി വരുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം