പശുക്കളുടെ പാല്‍ അളന്നു രേഖപ്പെടുത്തുന്നതിനുള്ള പുതിയ പദ്ധതി, കന്നുകാലി പ്രതിരോധ വാക്‌സിന്‍, മൊബൈല്‍ വെറ്റിനറി ക്ലിനിക് തുടങ്ങി സംസ്ഥാനം ആവശ്യപ്പെട്ട കാര്യങ്ങള്‍ നടപ്പിലാക്കാമെന്ന് കേന്ദ്ര മൃഗസംരക്ഷണ-ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാല ഉറപ്പുനല്‍കിയതായി മന്ത്രി ജെ ചിഞ്ചുറാണി. കേരളം മുന്നോട്ടു വെച്ച എല്ലാ ആവശ്യങ്ങളും കേന്ദ്ര മൃഗസംരക്ഷണ-ഫിഷറീസ് മന്ത്രാലയം അനുഭാവപൂര്‍വ്വം പരിഗണിച്ചെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്
കേന്ദ്ര മൃഗസംരക്ഷണ- ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. പര്‍ഷോത്തം രൂപാലയുമായി സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി. ജെ ചിഞ്ചുറാണി കൂടിക്കാഴ്ച നടത്തി.കേരളത്തിന്റെ മൃഗസംരക്ഷണ ക്ഷീര വികസന മേഖലയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന നൂതന പദ്ധതികള്‍ ചര്‍ച്ച ചെയ്തു.
1.കേരളത്തിലെ മുഴുവന്‍ പശുക്കളുടെയും ഇന്‍ഷ്വറന്‍സ് സാധ്യമാക്കുന്ന സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിക്കുള്ള കേന്ദ്ര വിഹിതം NLM( നാഷണല്‍ ലൈവ് സ്റ്റോക്ക് മിഷന്‍ ) വഴി ലഭ്യമാക്കുക,
2.കന്നുകാലി പ്രതിരോധ വാക്‌സിന്‍ പദ്ധതികളായ LH&DC, NADCP പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക,
3.പക്ഷിപ്പനി, ആഫ്രിക്കന്‍ പന്നിപ്പനി(ASF) എന്നീ അസുഖങ്ങള്‍ മൂലം മരണപ്പെടുന്ന ജീവികള്‍ക്കുള്ള നഷ്ടപരിഹാരത്തിനായുള്ള കേന്ദ്രവിഹിതം ഉടനടി അനുവദിക്കുക,
4.കന്നുകാലികളുടെ വന്ധ്യത മൂലം കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കേരളത്തില്‍ മൂന്ന് പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതിക്ക് അംഗീകാരം ലഭിക്കുക,
5.നമ്മുടെ സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രധാനപ്പെട്ട രണ്ട് ലബോറട്ടറികള്‍ ആയ AHD യുടെ (SIAD) സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസ് BS4 തലത്തില്‍ എത്തിക്കുവാനും, സംസ്ഥാന ഡയറി വകുപ്പിന്റെ തിരുവനന്തപുരത്തുള്ള ക്വാളിറ്റി ടെസ്റ്റിംഗ് ലാബിനെ നവീകരിക്കുവാനുള്ള സഹായം ലഭ്യമാക്കുക,
6.എല്ലാ ബ്ലോക്ക് തലങ്ങളിലും നടപ്പിലാക്കുന്ന മൊബൈല്‍ വെറ്ററിനറി ക്ലിനിക് (MVD)പദ്ധതിക്ക് ആവശ്യമായ കേന്ദ്ര വിഹിതം ലഭ്യമാക്കുകതുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും കേന്ദ്രമന്ത്രിയുമായി ചര്‍ച്ചചെയ്തത്.
രാജ്യമൊട്ടാകെയുള്ള പശുക്കളുടെ പാല്‍ അളന്ന് രേഖപ്പെടുത്തുന്നതിനായുള്ള പുതിയ പദ്ധതിക്ക് കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡും (KLDB),ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയും (DUK) സംയുക്തമായി വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷന്‍ ഫോര്‍ ഡിജിറ്റല്‍ അസ്സെസ്‌മെന്റ് പ്രോജനി ടെസ്റ്റിംഗ് സാങ്കേതികവിദ്യ (ADAPT) പ്രയോഗിക്കുന്നത് മൂലമുള്ള നേട്ടം കേന്ദ്രമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു. ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുകയും എത്രയും വേഗം അവ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കി. ബഹു. MP ശ്രീ. ബിനോയ് വിശ്വം, വകുപ്പിന്റെ കേന്ദ്ര സെക്രട്ടറി ശ്രീമതി. അല്‍ക്ക ഉപാധ്യായ, കേരളത്തിലെ വകുപ്പ് സെക്രട്ടറി ശ്രീ.പ്രണബ് ജ്യോതിനാഥ് ഐ എ എസ് തുടങ്ങിയ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.