Mon. Dec 23rd, 2024

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള ആശുപത്രി സംരക്ഷണ നിയമ ഓര്‍ഡിനന്‍സ് മന്ത്രിസഭാ യോഗം ഇന്ന് പരിഗണിക്കും. ഡോക്ടര്‍മാരും ആരോഗ്യ- ആഭ്യന്തര വകുപ്പുകളും മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഓര്‍ഡിനന്‍സ് തയാറാക്കുന്നത്. അതിക്രമങ്ങളില്‍ കനത്ത ശിക്ഷ വ്യവസ്ഥ
ചെയ്തു കൊണ്ടാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കുന്നത്. അതേസമയം, കൊട്ടാരക്കര ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യവും മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും. ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് നിയമ ഭേദഗതി സംബന്ധിച്ച ഓര്‍ഡിനന്‍സ് ഇന്ന് അവതരിപ്പിക്കുന്നത്. 2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) നിയമം കൂടുതല്‍ ശക്തമാക്കും. ആശുപത്രി അക്രമണങ്ങളില്‍ ശിക്ഷ ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവാക്കി ഉയര്‍ത്തുകയും വാക്കുകള്‍ കൊണ്ടുള്ള അസഭ്യവും അധിക്ഷേപവും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തിയുമാകും ഓര്‍ഡിനന്‍സ് തയാറാക്കുന്നതെന്നാണ് സൂചന.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം