Mon. Dec 23rd, 2024

കൊച്ചി: മേയ് 21, 22 തീയതികളില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വെ. ആലുവയ്ക്കും അങ്കമാലിക്കും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് റെയില്‍വെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എട്ട് ട്രെയിനുകള്‍ പൂര്‍ണമായും എട്ടെണ്ണം ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ഏഴ് ട്രെയിനുകള്‍ വൈകിയാകും യാത്ര തുടങ്ങുക. കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണി, തിരുവനന്തപുരം-മധുര അമൃത, നാഗര്‍കോവില്‍-മംഗളൂരു പരശുറാം, കൊച്ചുവേളി-ലോകമാന്യ തിലക് ഗരീബ് രഥ് എന്നീ ട്രെയിനുകളാണ് മെയ് 21 ന് പൂര്‍ണമായും റദ്ദാക്കിയിട്ടുള്ളവ. നിലമ്പൂര്‍-കൊച്ചുവേളി രാജ്യറാണി, മധുര-തിരുവനന്തപുരം അമൃത, ലോകമാന്യ തിലക്- കൊച്ചുവേളി ഗരീബ് രഥ് എന്നിവയാണ് 22ന് പൂര്‍ണമായും റദ്ദാക്കിയിരിക്കുന്നത്.

ഭാഗികമായി റദ്ദാക്കുന്നവ താഴെപ്പറയുന്നവയാണ്

* രാവിലെ 5.25ന് തിരുവനന്തപുരത്തു നിന്ന്-ഷൊര്‍ണൂരേക്ക് പുറപ്പെടുന്ന വേണാട് എക്‌സ്പ്രസ് മേയ് 21ന് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.

* ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് ഷൊര്‍ണൂരിന് പകരം എറണാകുളത്തുനിന്നാകും (21ന് വൈകീട്ട് 5.25) യാത്ര തുടങ്ങുക.

* 21ന് ഉച്ചക്ക് 1.25ന് പുറപ്പെടേണ്ട എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസ് തൃശൂരില്‍നിന്നാകും (ഉച്ചക്ക് 2.37) യാത്ര ആരംഭിക്കുക.

* 21 ന് പുറപ്പെടുന്ന പാലക്കാട്-എറണാകുളം മെമു ചാലക്കുടിയില്‍ യാത്ര അവസാനിപ്പിക്കും.

* 21ന് എറണാകുളത്തുനിന്ന് തിരിക്കേണ്ട എറണാകുളം-പാലക്കാട് മെമു ചാലക്കുടിയില്‍നിന്ന് (വൈകീട്ട് 3.55) യാത്ര തുടങ്ങും

* 22ന് രാത്രി 11.15 ന് ഗുരുവായൂരില്‍നിന്ന് തിരിക്കേണ്ട ഗുരുവായൂര്‍-ചെന്നൈ എഗ്‌മോര്‍ 23ന് രാവിലെ 1.20ന് എറണാകുളത്തുനിന്ന് യാത്ര തുടങ്ങും.

* 21 ലെ ചെന്നൈ എഗ്‌മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് എറണാകുളം ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും.

* 22ലെ കണ്ണൂര്‍-എറണാകുളം എക്‌സ്പ്രസ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം