Sun. Dec 22nd, 2024

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി സാമ്പത്തിക വിദഗ്ധനും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവുമായ ഡോ. പരകല പ്രഭാകര്‍. 2024 ലോക്സഭ തെരഞ്ഞെടുപ്പിലൂടെ നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന് ദുരന്തമാകുമെന്ന് ഡോ. പരകല പ്രഭാകര്‍ പറഞ്ഞു. 2014ലെ തെരഞ്ഞെടുപ്പില്‍ ‘വികസന’ത്തിന്റെ തട്ടകത്തില്‍ വിജയിച്ച ബിജെപി ഹിന്ദുത്വയെ ഉയര്‍ത്തികൊണ്ട് വരികയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. 2024-ല്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് മാത്രമല്ല, രാജ്യത്തിന് തന്നെ ദുരന്തമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമ്പദ് വ്യവസ്ഥയെയും മറ്റു കാര്യങ്ങളെയും കൈകാര്യം ചെയ്യുന്നതില്‍ മോദി ഭരണം ഏറെ പിന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുത്വയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട്, ആളുകളെ അണിനിരത്താനുള്ള കഴിവില്‍ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും ജനപ്രീതി ഉയര്‍ന്ന് വന്നതെന്നും അദ്ദേഹം പറഞ്ഞു. മോദി ഭരണകൂടം സമ്പത്ത് വ്യവസ്ഥ, രാഷ്ട്രീയം, മറ്റു കാര്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്തതിനെ കുറിച്ചുള്ള കുറിപ്പുകള്‍ അടങ്ങുന്ന ‘ദി ക്രൂക്ക്ഡ് ടിംബര്‍ ഓഫ് ന്യൂ ഇന്ത്യ: എസ്സെയ്‌സ് ഓണ്‍ എ റിപ്പബ്ലിക്ക് ഇന്‍ ക്രൈസിസ്’ എന്ന പുസ്തകം മെയ് 14ന് അദ്ദേഹം പുറത്തിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു പരകല മോദിക്കതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം