Sun. Dec 22nd, 2024

ഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി ആരെന്ന് കാര്യത്തില്‍ തീരുമാനം ഉണ്ടാക്കുന്നതിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അധികാര തര്‍ക്കത്തിന് ഇതോടെ പരിഹാരമാകും. ഷിംലയിലുള്ള സോണിയ ഗാന്ധി ഡല്‍ഹിയില്‍ തിരിച്ചെത്തുന്നതോടെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവര്‍ കര്‍ണാടകയിലെ നിലവിലെ സാഹചര്യം വിശദീകരിക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ഥികളായി ഡികെ ശിവകുമാറിനെയും സിദ്ധരാമയ്യയെയും മുന്‍നിര്‍ത്തി നടത്തിയ രഹസ്യ വോട്ടെടുപ്പിന്റെ ഫലം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. ഇന്നലെ വൈകിട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാരുടെ ഭൂരിപക്ഷ പിന്തുണ ആര്‍ക്കെന്ന് മനസിലാക്കിയിരുന്നു .കണക്കുകള്‍ ഹൈക്കമാന്‍ഡ് ഒരിക്കലും പുറത്തുവിട്ടിട്ടില്ല. അതേസമയം, ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതനുസരിച്ച് ഡല്‍ഹിയിലെത്തിയ സിദ്ധരാമയ്യ ഇന്ന് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അനാരോഗ്യം ചൂണ്ടിക്കാട്ടി തിങ്കളാഴ്ച യാത്ര റദ്ദാക്കിയ ഡി കെ ശിവകുമാര്‍ ഇന്ന് ഡല്‍ഹിയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരെയും ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും ഹൈക്കമാന്‍ഡ് വിഷയം ചര്‍ച്ച ചെയ്യും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം