മണിപ്പൂരിൽ നടക്കുന്നതിന് സമാനമായി ആദിവാസികളെ അധികാരത്തിൽ നിന്ന് പുറത്ത് നിർത്താൻ കേരളത്തിലും ശ്രമം നടക്കുകയും ഒരു പരിധി വരെ വിജയിക്കുകയും ചെയ്തിട്ടുണ്ട്
കേരളത്തിലെ ക്രൈസ്തവ സഭകൾക്കും വിശ്വാസികൾക്കും മണിപ്പൂരിലെ ക്രൈസ്തവവിഭാഗങ്ങൾക്ക് ഏൽക്കുന്ന ആക്രമണങ്ങൾ വലിയ പ്രശ്നം സൃഷ്ടിക്കാത്തതിന്റെ കാരണം എന്തായിരിക്കും? മണിപ്പൂരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കലാപങ്ങളെ കേരളത്തിലുള്ളവർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കില്ലായിരിക്കും.
വിശേഷിച്ചും ആക്രമണമേൽക്കുന്ന ആദിവാസി വിഭാഗങ്ങളായി കൂകി – നാഗാ വംശജരിൽ ക്രൈസ്തവരും മുസ്ലിങ്ങളും ഉണ്ടെന്ന് അറിയുമ്പോൾ. അവരുടെ വിശ്വാസങ്ങളും ആരാധനാ രീതികളും ദക്ഷിണേന്ത്യയിലെ ക്രൈസ്തവ ഇസ്ലാമിക പാരമ്പര്യങ്ങളുടെ ആരാധനാരീതികളുമായി ഒത്തുപോകുന്നവയല്ല. എന്നിരിക്കിലും ആ പ്രശ്നത്തെ കേവലം ചില വിഭാഗങ്ങൾ തമ്മിലുള്ള വംശീയ കലാപങ്ങളാണെന്ന് വരുത്തിത്തീർക്കൽ നീതിയായിരിക്കുകയില്ല. സംവരണത്തിന്റെ പേരിലാണ് ഇവ സംഭവിക്കുന്നതെന്ന പ്രചാരവും ആ പ്രശ്നത്തിലെ സാമൂഹിക നീതിയെ മനസ്സിലാക്കാൻ നമുക്ക് സാധിക്കില്ല.
മണിപ്പൂരിന്റെ സ്വയം ഭരണാധികാരവും ഭൂസവിശേഷതകളും
പ്രധാനമായും മൂന്ന് വംശജരാണ് മണിപ്പൂരിൽ ഉള്ളത്. മേയ്റ്റി, കുക്കി, നാഗ. ഇതിൽ മേയ്റ്റി വംശജരിൽ എട്ടു ശതമാനമായി മേയ്റ്റി പങ്കൽ എന്ന മുസ്ലിം വി ഭാഗമൊഴിച്ച് ബാക്കി ബഹുഭൂരിപക്ഷവും ഹിന്ദുക്കളാണ്. കുക്കി നാഗ വംശജർ ആദിവാസികളുമാണ്. ഈ രണ്ട് വിഭാഗങ്ങളിലും ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളും ഉൾക്കൊള്ളുന്നുണ്ട്. മേയ്റ്റി വംശജരുടെ ജനസംഖ്യയിലെ പങ്ക് ഏകദേശം അറുപത് ശതമാനത്തിനടുത്തും കുകീസ് ഇരുപത്തിയഞ്ച് ശതമാനവും നാഗാസ് പതിനഞ്ച് ശതമാനവുമാണ്.
മണിപ്പൂരിൽ മലമ്പ്രദേശമായും താഴ്വരകളായും രണ്ടുതരത്തിലുള്ള ഭൂപ്രദേശങ്ങൾ ഉണ്ട്. 90 ശതമാനവും മലമ്പ്രദേശവും 10 ശതമാനം താഴ്വരകളുമാണ്. മലമ്പ്രദേശങ്ങളിൽ ഏകദേശം ഒരു ചതുരശ്ര കിലോമീറ്റർ വിസ്താരത്തിൽ 44 പേരോളം എന്ന നിലയ്ക്കാണ് ജനസാന്ദ്രത. താഴ്വരയിൽ ഇത് 631 പേരാണ്. സംസ്ഥാനത്തിന്റെ ആകെ ജനസംഖ്യയിൽ ഏകദേശം 34.2 ശതമാനമാണ് പട്ടികവിഭാഗങ്ങളുള്ളത് (SITLHOU, HOINEILHING, 2015). ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്താവുന്ന പട്ടികവർഗ പ്രദേശങ്ങളായി ഈ മലമ്പ്രദേശങ്ങൾ പ്രഖ്യാപിക്കണമെന്ന് കുക്കി നാഗാവംശജർ 1978 മുതൽ ആവശ്യപ്പെടുന്നു. ആറാം ഷെഡ്യളിൽ ഉൾപ്പെടുന്ന പട്ടികവർഗ പ്രദേശങ്ങൾക്ക് നിയമ നിർമ്മാണ (Legislative), നീതി നിർവഹണ (Judicial), ഭരണ നിർവഹണ (Administrative) അധികാരങ്ങളുള്ള സ്വയം ഭരണപ്രദേശങ്ങളായി നിലനിൽക്കാൻ കഴിയും. എന്നാൽ മണിപ്പൂരിൽ ഇപ്പോൾ സംസ്ഥാന നിയമ നിർമാണ സഭ പാസാക്കിയ 1971ലെ മണിപ്പൂർ ഹിൽ ഏരിയ ഡിസ്ട്രിക്ട് കൗൺസിൽ ആക്ട് ആണ് നിലനിൽക്കുന്നത്. അതനുസരിച്ച് സാമ്പത്തിക അധികാരങ്ങൾ ഇല്ലാത്ത ചുരുങ്ങിയ എക്സിക്യൂട്ടീവ് അധികാരങ്ങളുള്ള ഡിസ്ട്രിക്ട് കൗൺസിലുകളാണ് ഇപ്പോൾ മണിപ്പൂരിൽ നിലനിൽക്കുന്നത് (Kom, Sekholal,2010)(SITLHOU, HOINEILHING, 2015).
ആസ്സാം പോലെയുള്ള മറ്റു വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഇതിൽ നിന്ന് വ്യത്യസ്തമായ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തപ്പെട്ട സ്വയം ഭരണ മേഖല ഡിസ്ട്രിക്ട് കൗൺസിലുകൾ ആണുള്ളത്. മണിപ്പൂരിലെ ഡിസ്ട്രിക്ട് കൗൺസിലുകൾക്ക് ജുഡീഷ്യൽ ലെജിസ്ലേറ്റീവ് അധികാരങ്ങളില്ല. നിലവിൽ ഗോത്രീയമായ രീതിയിലുള്ള ഗ്രാമമുഖ്യന്റെ (Village Chief) നേതൃത്വത്തിൽ സാമുദായികമായ ഉടമസ്ഥതയിലാണ് ഭൂമിയുള്ളത്, അത് മറ്റ് പ്രദേശങ്ങളിൽ കാണുന്ന സമീന്ദാരി വ്യവസ്ഥയല്ല. ഒരു സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഗ്രാമങ്ങളെ നിയന്ത്രിക്കുകയും അന്തിമമായ അധികാരം കമ്മീഷണർക്ക് കീഴിൽ ആയിരിക്കുകയും ചെയ്യും (SITLHOU, HOINEILHING, 2015.)
1960 ലെ മണിപ്പൂർ ലാൻഡ് റവന്യു ആൻഡ് ലാൻഡ് റിഫോമ്സ് ആക്ട് – Manipur Land Revenue and Land Reforms Act, 1960 (MLR and LR Act) ലൂടെ വനവും, ഖനികളും, ധാതുവിഭവങ്ങളും അടക്കമുള്ള ഭൂമി എല്ലാം സർക്കാർ ഉടമസ്ഥതയിലാക്കി മാറ്റി. ആദിവാസിഭൂമി സംരക്ഷിക്കുന്നതിന്റെ ഭാഗമായി 158 ആം സെക്ഷനിൽ പുതിയ മാർഗരേഖ ഉണ്ടാക്കുകയും സ്വയം ഭരണാധികാരമുള്ള ഡിസ്ട്രിക്ട് കൗൺസിലുകളുടെയും ഡെപ്യൂട്ടി കമ്മീഷണറുടെയും അനുമതിയില്ലാതെ ആദിവാസി ഭൂമി ആദിവാസികളല്ലാത്തവർക്ക് വില്കുന്നതോ കൈമാറ്റം ചെയ്യുന്നതോ നിയമപരമായി നിരോധിക്കുകയും ചെയ്തു. സംസ്ഥാന സർക്കാർ ഗസറ്റിലൂടെ മലമ്പ്രദേശമാക്കി വിജ്ഞാപനം ചെയ്തിട്ടുള്ള എല്ലാ മേഖലകളിലും പിന്നീട് ഈ നിയമം പ്രാബല്യത്തിൽ വരുത്താൻ കഴിയുന്ന രണ്ടാമതൊരു സെക്ഷനും നിയമത്തിൽ ഉൾപ്പെടുത്തി (SITLHOU, HOINEILHING, 2015). അവയ്ക്ക് നികുതി പിരിക്കാനോ വരുമാനം കണ്ടെത്താനോ ഉള്ള അധികാരങ്ങളില്ല. 60 അംഗങ്ങളുള്ള നിയമസഭയിൽ 20 പേര് ഈ മലപ്രദേശങ്ങളിലെ സ്വയം ഭരണാധികാരികേന്ദ്രങ്ങളെ പ്രതിനിധീകരിക്കുന്നവരാണ് (HOINEILHING, 2015.)
അതിന് ശേഷം ഈ നിയമത്തെ ഭേദഗതി ചെയ്യുവാൻ അനേകം ശ്രമങ്ങൾ മേയ്റ്റി വിഭാഗങ്ങളുടെയും മറ്റു ആദിവാസികളല്ലാത്ത വിഭാഗങ്ങളുടെയും ഭാഗത്ത് നിന്നുമുണ്ടായി അതിന്റ ഭാഗമായി രൂപീകരിക്കപ്പെട്ട അനേകം ബില്ലുകളെ ആദിവാസികൾ വിജയകരമായി എതിർക്കുകയും ചെയ്തു. പിന്നീട് 2012 എത്തിയപ്പോഴേക്കും പല രീതിയിൽ വ്യത്യസ്ത രീതിയിലുള്ള ഭൂനിയമത്തിന് പകരം ഒരൊറ്റ ഭൂനിയമം നടപ്പാക്കാനുള്ള ശ്രമങ്ങളെ ആദിവാസികൾ പല രീതിയിൽ പ്രതിരോധിക്കുകയും വിജയിക്കുകയും ചെയ്തു.
നിലവിൽ മണിപ്പൂരിൽ സംഭവിക്കുന്നത്
മണിപ്പൂരിലെ ആദിവാസി വിഭാഗങ്ങളുടെ ഏറ്റവും പ്രധാന ആവശ്യം ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ തങ്ങളുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി സ്വയം ഭരണാധികാരം നൽകുക എന്നുള്ളതാണ്. ആദിവാസികളല്ലാത്ത ഹിന്ദുക്കളായ മേയ്റ്റി വംശജർ മലമ്പ്രദേശത്ത് ന്യൂനപക്ഷമായി കുടിയേറി അധിവസിക്കുന്നുണ്ട്. താഴ്‌വരയിൽ നിന്ന് കൂടുതൽ കുടിയേറ്റം തടയാനായി മുൻപ് സൂചിപ്പിച്ചതു പോലെയുള്ള ഭൂമിയുടെ കൈമാറ്റവും വില്പനയും തടയുന്ന നിയമങ്ങൾ ഉള്ളതുകൊണ്ടുതന്നെ ഹിന്ദുക്കൾക്ക് ഈ മേഖലയിലേക്ക് കൂടുതൽ കുടിയേറ്റത്തിന് സാധിച്ചിട്ടില്ല. താഴ്‌വരകളിൽ അധിവസിക്കുന്ന ഹിന്ദു വിഭാഗങ്ങളെക്കാൾ ആദിവാസികളുടെ വികസനത്തിനും പുരോഗമനത്തിനുമായി ഈ സ്വയം ഭരണാധികാരം അനിവാര്യവുമായിരുന്നു.
സംസ്ഥാന നിയമസഭയിൽ മേയ്റ്റി വംശജർ ഭൂരിപക്ഷമായതും സർക്കാർ സംവിധാനങ്ങളിൽ അവരുടെ പ്രാതിനിധ്യം ശക്തമായതും നയങ്ങളെല്ലാം മേയ്റ്റി വംശജർക്ക് അനുകൂലമാക്കി മാറ്റിയിരുന്നു. ഇത് സ്വത്തുടമസ്ഥതയിലും മേയ്റ്റി വംശജർക്ക് ബഹുഭൂരിപക്ഷം പങ്കും ലഭിക്കുന്നതിന് കാരണമായി. ഈ നിരാശ ആദിവാസിവിഭാഗങ്ങളിൽ തങ്ങളുടെ സ്വയംഭരണ മേഖലകൾ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയിലേക്ക് കാര്യങ്ങളെ എത്തിച്ചു. ഇപ്പോൾ സംഭവിച്ചുകൊണ്ടിക്കുന്നത് മുൻപ് സൂചിപ്പിച്ച അധീശവർഗമായ ഹിന്ദു വിഭാഗത്തിൽപ്പെട്ട മേയ്റ്റി വംശജർക്ക് ആദിവാസി പദവി നൽകാൻ ഹൈക്കോടതി സർക്കാരിനോട് കഴിഞ്ഞ മെയ് 27 ന് ആവശ്യപ്പെട്ടിരുന്നു. അതിനെത്തുടർന്നാണ് ആദിവാസി വിഭാഗങ്ങൾ പ്രതിഷേധിക്കുന്നതും ആക്രമണങ്ങൾ നേരിടുന്നതും.
ആദിവാസികൾക്ക് സമാനമായി മേയ്റ്റി വംശജർക്ക് ജോലിയിൽ ലഭിക്കുന്ന സംവരണം എന്ന ഒരു പ്രശ്നമായിട്ടല്ല ഇതിനെ കാണേണ്ടത്. മറിച്ച് ആദിവാസികൾ സംസ്ഥാന ഭരണകൂടത്തിൽ നിന്നും നയപരമായി ഉണ്ടാകുന്ന വിവേചനവും ഹിന്ദു പൊതു സമൂഹത്തിൽ നിന്നുമേൽക്കുന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ടും ഇവ രണ്ടും സാമൂഹികമായ മുന്നോട്ടുള്ള ചലനത്തിന് ഈ വിഭാഗങ്ങൾക്കുണ്ടാക്കുന്ന തടസ്സങ്ങളുമായി വേണം ഇതിനെ മനസ്സിലാക്കാൻ. ആദിവാസികൾക്ക് അവരുടെ സാമൂഹിക ജീവിതവും അതുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥയും വളരെ സങ്കീർണമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം മേഖലകൾക്ക് സ്വയം ഭരണമില്ലാതെ അവർക്ക് അതിജീവനം അസാധ്യമാണ്. ഈ വിഭാഗങ്ങൾക്ക് അധികാരമുണ്ടാകുമ്പോൾ മാത്രമേ നയപരമായി തങ്ങൾക്ക് അനുകൂലമായ തീരുമാനങ്ങളെടുക്കാൻ ആദിവാസിവിഭാഗങ്ങൾക്ക് കഴിയുകയുള്ളു.
അങ്ങനെയുള്ള സാഹചര്യത്തിൽ മെയ്‌റ്റികളെപ്പോലെ ഒരു ഹിന്ദു അധീശത്വ വിഭാഗത്തിന് ആദിവാസി പദവി നൽകുന്നത് അവർക്ക് സ്വയം ഭരണമേഖലകൾ അവകാശപ്പെടാൻ കഴിയുന്ന തരത്തിലേക്ക് നയങ്ങളെ എത്തിക്കുകയും മുൻപ് സൂചിപ്പിച്ച മലമ്പ്രദേശ മേഖകളിൽ ഈ ഹിന്ദു വിഭാഗങ്ങൾക്ക് ഭൂമി വാങ്ങാനും വില്പനക്കും സാധ്യതയുണ്ടാകുകയും ചെയ്യും. നിലവിൽ ആദിവാസി വിഭാഗങ്ങൾ പ്രതിഷേധിക്കുവാനുള്ള കാരണം ഇവ രണ്ടുമാണ്.
കേരളത്തിൽ ഇതേ ആദിവാസി വിരുദ്ധ നയങ്ങൾ നടപ്പാക്കിയത് എങ്ങനെ?
അട്ടപ്പാടിയിലെയും വയനാട്ടിലെയും ആദിവാസി ഊരുകൂട്ടങ്ങൾക്ക് അവരുടെ ആവാസ വ്യവസ്ഥകളിൽ ഗ്രാമ പഞ്ചായത്തിന്റേതിന് സമാനമായ നിയമനിർമാണ (Legislative) , നീതിനിർവഹണ (Judicial), ഭരണ നിർവഹണ (Administrative) അധികാരം ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഇക്കാണുന്ന കുടിയേറ്റക്കാരും റിസോർട്ട് ഭൂമാഫിയകളും പശ്ചിമഘട്ട വനമേഖലകളിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നില്ല. ആദിവാസി പെൺകുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുകയോ ആദിവാസിയുവാക്കൾ നിർദ്ദയമായി മർദ്ദനമേറ്റ് കൊല്ലപ്പെടുകയോ ചെയ്യുമായിരുന്നില്ല.
മുൻപ് സൂചിപ്പിച്ചതുപോലെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന പട്ടിക വർഗമേഖലകളിലേക്ക് കൂടി പഞ്ചായത്തീ രാജ് സംവിധാനങ്ങളുടെ അധികാരം വികസിപ്പിക്കാവുന്നതും ആദിവാസികൾക്ക് കൂടുതൽ അധികാരം ലഭിക്കാവുന്നതുമാണ്. Provisions of Panchayath Extension of Scheduled Area Act 1996 അനുസരിച്ച് ഇന്ത്യക്കകത്ത് ആദിവാസി ഊരുകൂട്ടങ്ങൾക്ക് ഗ്രാമ പഞ്ചായത്തിന് സമാനമായ അധികാരങ്ങൾ ലഭ്യമാക്കാവുന്നതാണ് (C.R. Bijoy, 2021). അത് ഈ മേഖലകളിലെ ജനവിഭാഗങ്ങളിലേക്ക് കൂടുതൽ അധികാരം എത്തിക്കാൻ സാധ്യത ഉണ്ടാക്കുന്നതാണ്. ഈ മേഖലകളിലെ വിഭവങ്ങളുടെ വിതരണത്തെ സംബന്ധിച്ചും വികസനപ്രവർത്തനങ്ങളെ സംബന്ധിച്ചും തീരുമാനങ്ങളെടുക്കാൻ ഊരുകൂട്ടങ്ങൾക്ക് അധികാരം ലഭിക്കുന്ന ഒന്നായിരുന്നു ഈ സാധ്യത. കേരളത്തിലെ ആദിവാസി മേഖലകൾ ഇതുവരെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തപ്പെട്ടിട്ടില്ല. പതിറ്റാണ്ടുകൾ നീണ്ട സമരങ്ങളുടെ ഭാഗമായി കേരള സർക്കാർ 2240 ഊരുകൂട്ടങ്ങളെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാരിനോട് 2014ൽ അഭ്യർത്ഥിച്ചിട്ടുണ്ട്. നാളിതുവരെയായിട്ടും അതിൽ കേന്ദ്രം നടപടിയെടുത്തിട്ടില്ല(C.R. Bijoy, 2021.)
മണിപ്പൂരിൽ നടക്കുന്നതിന് സമാനമായി ആദിവാസികളെ അധികാരത്തിൽ നിന്ന് പുറത്ത് നിർത്താൻ കേരളത്തിലും ശ്രമം നടക്കുകയും ഒരു പരിധി വരെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. മെയ്‌റ്റികൾ നടത്തുന്ന കലാപങ്ങൾക്ക് സമാനമായ പ്രക്ഷോഭങ്ങൾ നടത്തുന്നതിലൂടെയാണ് പ്രാഥമികമായി കേരളത്തിൽ ഇത് നടപ്പാക്കുന്നത്. അതിന് നേതൃത്വം കൊടുത്തതും കേരളത്തിലെ ക്രൈസ്തവസഭയാണ്. വലതുപക്ഷം തുടക്കം മുതൽ ഇത്തരം മുന്നേറ്റങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇടതുപക്ഷവും ഇത്തരം സമരങ്ങളോടൊപ്പം കക്ഷി ചേരുന്നുണ്ട്.
അതിന് കാരണം സംസ്ഥാനത്ത് ഒരു പതിറ്റാണ്ടായി വനാവകാശ നിയമം നടപ്പാക്കുന്നതിനെതിരെ സമരം നടത്തുന്നത് സഭയുടെ നേതൃത്വത്തിലാണ്. 1990 കൾക്ക് ശേഷം ആദിവാസി മുന്നേറ്റങ്ങൾ ശക്തമായതും മുത്തങ്ങയിലും ചെങ്ങറയിലുമടക്കം ഭൂമി പിടിച്ചടക്കിയതും സഭയെയും ആദിവാസി വിരുദ്ധ പൊ തുസമൂഹത്തെയും ചൊടിപ്പിച്ചു. അതാണ് പിന്നീട് പശ്ചിമ ഘട്ട മേഖലയിൽ PESA 1996 നടപ്പാക്കണമെന്ന ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നിർദ്ദേശത്തിനെതിരെ സഭ പ്രക്ഷോഭം നടത്തിയത്.
പശ്ചിമഘട്ടമേഖലയിൽ വികസന നയങ്ങൾ തീരുമാനിക്കാൻ അവിടെ അധിവസിക്കുന്ന ജനങ്ങൾക്ക് കൂടി അധികാരം നൽകണമെന്ന ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശത്തെ സഭ എതിർത്തു. അതിന് കാരണം ആ മേഖലയിൽ സഭയുടെ സാംസ്‌കാരിക അധികാരത്തെയും ലോബികളുമായുള്ള സഭയുടെ ബന്ധത്തെയും ചോദ്യം ചെയ്യാൻ സാധാരണക്കാരായ കുടിയേറ്റ ജനതക്ക് കഴിയും എന്ന ഭയമായിരുന്നു. ഗാഡ്ഗിൽ കമ്മിറ്റി വിരുദ്ധ സമരം മുതൽ ഇന്ന് സംഘപരിവാറുമായി നടത്തുന്ന ചർച്ചകളിൽ വരെ ക്രൈസ്തവ സഭക്ക് താല്പര്യമുണ്ടാകാൻ കാരണം ആദിവാസികളുടെ സ്വയംഭരണാവകാശവും വിഭവങ്ങൾക്കുമേലുള്ള അധികാരവുമാണ്.
കേരളത്തിലെ ക്രൈസ്തവ സഭകൾ കുറച്ചധികം കാലങ്ങളായി കേരളത്തിലെ പശ്ചിമഘട്ട മേഖകളിലെ അധികാരത്തിനും വിഭവങ്ങളുടെ പങ്കിനും വേണ്ടി പല രീതിയിൽ ഇടപെടുന്നുണ്ട്. എന്നാൽ നീതിയുക്തമായി പരിശോധിച്ചാൽ ഇത് കേരളത്തിലെ ആദിവാസികളുടെ സ്വയം ഭരണാധികാരത്തിനും വി ഭവങ്ങൾക്കു മേലുള്ള അവരുടെ കടന്നുകയറ്റമായി അതിനെ കാണേണ്ടി വരും. സംഘടനാപരമായി സഭകൾ സംഘപരിവാറിനോട് അടുക്കുന്നത് ഇപ്പോഴാണെങ്കിൽപ്പോലും അധികാരത്തിൽ നിന്നും വിഭവങ്ങളിൽ നിന്നും കീഴാളരെ പുറത്താക്കുന്ന ക്രമം പരിശോധിച്ചാൽ അവർ കാലങ്ങളായി ഹിന്ദുത്വം പരിശീലിക്കുന്നവരാണെന്ന് മനസ്സിലാകും.
1960 ലെ മണിപ്പൂർ ലാൻഡ് റവന്യു ആൻഡ് ലാൻഡ് റീഫോമ്സ് ആക്ട് – Manipur Land Revenue and Land Reforms Act, 1960 (MLR and LR Act) കളിലൂടെ ആദിവാസി ഭൂമി യുടെ കൈ മാറ്റവും വില്പനയും തടഞ്ഞതിന് സമാനമായി കേരളത്തിലെയും ആദിവാസികളുടെ ഭൂമിയുടെ കൈമാറ്റം 1975 ലെ ആദിവാസി ഭൂനിയമത്തിലൂടെ Kerala Scheduled Tribes (Restriction on Transfer of Lands and Restoration of Alienated Lands) Act, 1975 തടഞ്ഞിരുന്നു. 1960 നു മുൻപേ ദേബർ കമ്മീഷൻ ആദിവാസി ഭൂമി അനിയന്ത്രിതമായി തട്ടിയെടുക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ കമ്മീഷൻ നിർദ്ദേശിച്ചതിന്റെ ഫലമായി കേന്ദ്രം സംസ്ഥാന സർക്കാരുകളോട് ആദിവാസി ഭൂമി സംരക്ഷിക്കുന്നതിനും തട്ടിയെടുക്കപ്പെട്ട ഭൂമി തിരികെ ലഭിക്കുന്നതിനുമായി നിയമം രൂപീകരിക്കാൻ നിർദ്ദേശിച്ചു അങ്ങനെയാണ് 1975ലെ നിയമം ഉണ്ടാകുന്നത്. എന്നാൽ ഇടത് വലതു കക്ഷികൾ ആദിവാസികളെ വഞ്ചിച്ചുകൊണ്ട് പതിറ്റാണ്ടുകളോളം നടപ്പാക്കാതിരിക്കുകയും പിന്നീട് ഈ നിയമത്തെ ഭേദഗതി ചെയ്ത് കയ്യേറ്റക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്‌തു.
1996 ൽ ഈ നിയമത്തെ ഭേദഗതി ചെയ്യാൻ യുഡിഎഫ് ഒരു ഓർഡിനൻസ് കൊണ്ടുവന്നെങ്കിലും അന്നത്തെ ഗവർണർ ശിവശങ്കർ അതിൽ ഒപ്പിടാൻ വിസമ്മതിച്ചു. പിന്നീട് വന്ന ഇടതുപക്ഷം മറ്റൊരു ഓർഡിനൻസ് കൊണ്ടുവന്നെങ്കിലും അതിലും അക്കാലത്തെ ഗവർണർ ആയിരുന്ന ഖുർഷിദ് ആലംഖാൻ ഒപ്പുവച്ചില്ല. പിന്നീടാണ് 1996 സെപ്തംബർ 23 ന് ഈ നിയമം നിയമസഭയിൽ ഭേദഗതി ചെയ്യാൻ ഇടതുപക്ഷം ശ്രമിക്കുന്നത്. എന്നാൽ രാഷ്ട്രപതിയായിരുന്ന കെ ആർ നാരായണൻ നിയമത്തിന് അംഗീകാരം നല്കാൻ വിസമ്മതിച്ചു.
ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഈ നിയമം ഉൾപ്പെടുത്തിയതുകൊണ്ട് രാഷ്ട്രപതിയുടെ അംഗീകാരമില്ലാതെ നിയമം പാസ്സാകുമായിരുന്നില്ല. പിന്നീട് നിയമഭേദഗതി രാഷ്‌ട്രപതി ഭവനിലേക്ക് അംഗീകാരത്തിനായി എത്താതിരിക്കാൻ അതിനെ ഒരു സ്റ്റേറ്റ് സബ്ജക്ട് ആയി നിയമസഭയിൽ അവതരിപ്പിക്കുകയും 1999 ൽ ആദിവാസികളെ വഞ്ചിച്ചുകൊണ്ട് The Kerala Restriction on Transfer by and Restoration of Lands to Scheduled Tribes Bill, 1999 അംഗീകരിക്കുകയും ചെയ്തു. അതിലൂടെ രണ്ട് ഹെക്ടറിലധികം വരുന്ന കയ്യേറ്റം ചെയ്ത ഭൂമി മാത്രമേ തിരികെ ലഭിക്കുമായിരുന്നുള്ളു. അതിൽ കുറവുള്ളവർക്ക് പകരം ഭൂമി നൽകാം എന്ന ധാരണയായി. 1975 ലെ നിയമം 1982 ശേഷമുള്ള എല്ലാ ഭൂമി കയ്യേറ്റങ്ങളെയും അസാധു ആകുന്നുണ്ടെങ്കിലും 1996 ലെ നിയമം 1982 മുതൽ 1986 വരെ 2 ഹെക്ടർ വരെയുള്ള കയ്യേറ്റങ്ങൾക്ക് നിയമപരിരക്ഷ നൽകി (C. R. Bijoy, 1999).
ഭൂപരിഷ്കരണത്തിനെതിരെ നടന്ന വിമോചന സമരത്തിന് പതിറ്റാണ്ടുകൾക്ക് ശേഷം സഭയുടെയും കൈയേറ്റക്കാരുടെയും സമ്മർദ്ദത്തിന് വഴങ്ങി ഇടതുപക്ഷം അനൗദ്യോഗികമായി ആദിവാസികളുടെ ഭൂമി പിടിച്ചെടുത്ത് കുടിയേറ്റക്കാർക്ക് വിതരണം ചെയ്ത രണ്ടാം ഭൂപരിഷ്കരണ പരിപാടിയായിരുന്നു അത്.
ഈ പ്രശ്നത്തിലെ രണ്ട് വസ്തുതകളെ സാമൂഹ്യ ശാസ്ത്രപരമായി കണക്കാക്കേണ്ടതുണ്ട്. ആദിവാസികളുടെ സ്വയം ഭരണാധികാരം, ആദിവാസി വിഭാഗങ്ങൾക്ക് ലഭ്യമായ വിഭവങ്ങളുടെ പങ്ക്. കേരളത്തിലെ ക്രൈസ്തവ സഭ ഈ രണ്ട് രീതികളിലും ആദിവാസി വിഭാഗങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചിട്ടുണ്ട്.
ഭൂമി വിതരണം ചെയ്യുന്നതിനെതിരെ ക്രൈസ്തവ സഭയുടെ കൂടി നേതൃത്വത്തിൽ നടത്തിയ വിമോചന സമരം. വനാവകാശ നിയമവും പെസ നിയമവും നടപ്പാക്കുന്നതിനെതിരെ സഭ നടത്തിയ ഗാഡ്ഗിൽ കമ്മിറ്റി വിരുദ്ധ സമരം, ആദിവാസി ഭൂസംരക്ഷണ നിയമം നടപ്പാക്കാനും സവർണ സംവരണം നടപ്പാക്കാനും സഭ നടത്തിയ ഇടപെടലുകൾ ഇവയെല്ലാം കേരളത്തിലെ വരേണ്യ ക്രൈസ്തവ സഭകൾ എങ്ങനെയാണ് ഈ രണ്ട് വസ്തുതകളിൽ കീഴാളവിരുദ്ധമായി ഇടപെട്ടത് എന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ മണിപ്പൂരിൽ ഹൈന്ദവർ ആദിവാസികളോട് ചെയ്യുന്നതാണ് സഭയും കയ്യേറ്റക്കാരും മുഖ്യധാര രാഷ്ട്രീയ പാർട്ടികളും ആദിവാസികളോട് ചെയ്യുന്നത്. അതുകൊണ്ട് മണിപ്പൂരിലെ പ്രശ്നം അവരെ ബാധിക്കുന്ന വിഷയമേ അല്ല. ഒരുപക്ഷേ അവിടുത്തെ ആദിവാസി ജനസംഖ്യ 40 ശതമാനത്തിനോടടുത്ത് ഇല്ലായിരുന്നെങ്കിൽ അവർക്ക് താരതമ്യേന കേരളത്തേക്കാൾ മെച്ചപ്പെട്ട ഭൂമിയും സ്വയം ഭരണാധികാരവും ഇല്ലായിരുന്നുവെങ്കിൽ ഈ ആക്രമണങ്ങളുടെ വാർത്തകൾ പോലും പുറത്ത് വരുമായിരുന്നില്ല. കേരളത്തിലെ ആദിവാസി വഞ്ചന നയങ്ങൾ പുറത്തുവരാത്തതുപോലെ.
അരവിന്ദ് ഇന്റിജനസ്: ഗവേഷകൻ, പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി
അവലംബം
01. Kom, Sekholal. “IDENTITY AND GOVERNANCE : DEMAND FOR SIXTH SCHEDULE IN MANIPUR.” The Indian Journal of Political Science, vol. 71, no. 1, 2010, pp. 313–22. JSTOR Accessed 8 May 2023.
02. SITLHOU, HOINEILHING. “Confronting the State: Land Rights Discourse in the Hills of Manipur.” Economic and Political Weekly, vol. 50, no. 30, 2015, pp. 70–77. JSTOR, Accessed 10 May 2023.
03. C. R. Bijoy. “Adivasis Betrayed: Adivasi Land Rights in Kerala.” Economic and Political Weekly, vol. 34, no. 22, 1999, pp. 1329–35. JSTOR Accessed 8 May 2023.
04. C.R. Bijoy,09/NOV/2021, How a History of Broken Promises Has Let Down India’s Scheduled Areas
05. Pradip Phanjoubam, 2023, Kuki-Meitei violence in Manipur: The wounds of history.
06. https://www.aljazeera.com/news/2023/5/7/what-has-spurred-ethnic-violence-in-indias-ma nipur
07. Protest against ST demand turns violent in Manipur, curfew imposed in the entire state
08. Manipur violence: Who are Meiteis and Kukis? What are they fighting over?
FAQs
ആരാണ് ആദിവാസി?
വംശീയമായ സവിശേഷതകളും ആചാരാനുഷ്ഠാനങ്ങളും പുലർത്തുന്ന മനുഷ്യനാണ് ആദിവാസി. ഭാരതത്തിൽ ആദിവാസികൾക്കുള്ള നിർവ്വചനം, വനപ്രദേശങ്ങളിലോ മലമ്പ്രദേശങ്ങളിലോ താമസിക്കുന്നവരും വികസനപരമായി പിന്നാക്കം നിൽക്കുന്നവരുമായ ജനവിഭാഗങ്ങൾ എന്നാണ്.
ആരാണ് കുക്കി വംശജർ?
ഇന്ത്യയിലെ മിസോറാമിന്റെയും മണിപ്പൂരിന്റെയും തെക്കുകിഴക്കൻ ഭാഗത്തുള്ള ഒരു വംശീയ വിഭാഗമാണ് കുക്കി.
ആരാണ് നാഗ വംശജർ?
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ നാഗാലാന്റിലും, മണിപ്പൂർ, അസം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലും കണ്ടുവരുന്ന ആദിവാസികളാണ് നാഗ വംശജർ.
Quotes
“ഭൂതകാലത്തെ അവഗണിക്കുന്നവർ അതിൻ്റെ തെറ്റുകൾ ആവർത്തിക്കാൻ സാധ്യതയുണ്ട്”- ഇന്ദിര ഗാന്ധി