വനിതാ ഡോക്ടറെ കുത്തികൊന്ന സംഭവത്തിൽ പൊലീസിനെതിരെ വിമർശനവുമായി ഹൈക്കോടതി. ഡോക്ടർമാർക്കെതിരായ അതിക്രമങ്ങളിൽ സുരക്ഷയൊരുക്കാൻ പൊലീസിന് കഴിയാത്തത് എന്തു കൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ടു പ്രവര്‍ത്തിക്കാന്‍ പൊലീസിന് ആവണമെന്ന് ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രത്യേക സിറ്റിങ്ങിനിടെയാണ് കോടതിയുടെ പരാമര്‍ശം. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ സംരക്ഷിക്കാന്‍ പരിശീലനം സിദ്ധിച്ചവരാണ് പൊലീസുകാര്‍. എന്നാല്‍ ഇവിടെ പൊലീസ് പരാജയപ്പെട്ടു. സംവിധാനത്തിന്റെ സമ്പൂര്‍ണ പരാജയമാണിത്. എയ്ഡ് പോസ്റ്റ് ഉണ്ടായതുകൊണ്ടുമാത്രം കാര്യമില്ല. പെരുമാറ്റം സാധാരണ പോലെയല്ലെങ്കില്‍ അയാളെ അടക്കി നിര്‍ത്തണമായിരുന്നു. കാര്യങ്ങളെ മുന്‍കൂട്ടി കാണാൻ കഴിയണം. അല്ലെങ്കില്‍പ്പിന്നെ പൊലീസ് എന്തിനെന്ന് കോടതി ചോദിച്ചു.